ഹരിയാനയിൽ ആത്മഹത്യ ചെയ്ത ദലിത് ഐ.പി.എസ് ഓഫിസറുടെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി

ഛണ്ഡീഗഡ്: ഹരിയാനയിൽ കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്ത ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥൻ വൈ. പുരൺ കുമാറിന്റെ കുടുംബത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. ചണ്ഡീഗഡ് വിമാനത്താവളത്തിലെത്തിയ ശേഷം രാഹുൽ രാവിലെ 11.08 ന് സെക്ടർ 24 ലെ പുരൺ കുമാറിന്റെ വസതിയിലേക്ക് പോയി. കുടുംബത്തെ കണ്ട അവരുടെ ദുഃഖത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഹരിയാനയിൽ രാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സന്ദർശനം.

ദലിത് പൊലീസ് ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സംസ്ഥാന സർക്കാരിനെതിരെ വിമർശനം ശക്തമാക്കിയിരുന്നു.

2001 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനും അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസുമായ പുരൺ കുമാറിനെ(52) ഒക്ടോബർ ഏഴിന് ഛണ്ഡീഗഡിലെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സമീപത്ത്നിന്ന് എട്ടു പേജുള്ള ആത്മഹത്യ കുറിപ്പും കണ്ടെടുത്തിരുന്നു. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിൽ കപൂർ, ബിജാർനിയ, മറ്റ് നിരവധി മുതിർന്ന പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.

തുടർന്ന് ഡി.ജി.പിയെ സംസ്ഥാനസർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. റോഹ്തക് പൊലീസ് സൂപ്രണ്ടായിരുന്ന നരേന്ദ്ര ബിജാർനിയയെ സ്ഥലംമാറ്റുകയും ചെയ്തു. തന്റെ ഭർത്താവിനെ ജാതിയുടെ പേരിൽ നിരന്തരം പീഡിപ്പിക്കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തവരെ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തണമെന്ന് കുമാറിന്റെ ഭാര്യയും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥയുമായ അംനീത് പി. കുമാർ ആവശ്യപ്പെട്ടു. നടപടിയെടുക്കുന്നതു വരെ പോസ്റ്റ്മോർട്ടത്തിനും സംസ്കാരത്തിനും കുടുംബം സമ്മതം നൽകിയതുമില്ല.

ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, സംസ്ഥാനത്തെ കോൺഗ്രസ് നേതാവ് റാവു നരേന്ദർ സിങ്, പാർട്ടി നേതാക്കളായ കുമാരി ഷെൽജ, ബി.കെ. ഹരിപ്രസാദ്, ദീപേന്ദർ സിങ് ഹൂഡ, വരുൺ ചൗധരി എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. അടുത്തിടെ കോൺഗ്രസിലെ പല മുതിർന്ന നേതാക്കളും ഐ.പി.എസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനായി എത്തിയിരുന്നു.

തിങ്കളാഴ്ച കുമാറിന്‍റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ, കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി ഉറപ്പ് നൽകിയതായി അറിയിച്ചു. തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക, റോഹ്തക്കിൽ നിന്നുള്ള കോൺഗ്രസ് എം.പി ദീപേന്ദർ സിങ് ഹൂഡ, ഐ.എൻ.എൽ.ഡി മേധാവി അഭയ് സിങ് ചൗട്ടാല, പഞ്ചാബ് ധനമന്ത്രിയും എ.എ.പി നേതാവുമായ ഹർപാൽ സിങ് ചീമ എന്നിവരുൾപ്പെടെ പ്രതിപക്ഷ നേതാക്കളെല്ലാം കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Haryana IPS officer 'suicide': Rahul Gandhi visits family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.