ഹരിയാനയില്‍ എ.സി വാങ്ങാന്‍ സര്‍ക്കാര്‍ സബ്‌സിഡി; 59 ശതമാനം വരെ ഇളവ്, ലക്ഷ്യം ഊര്‍ജസംരക്ഷണം

ചണ്ഡീഗഡ്: പൊതുജനങ്ങള്‍ക്ക് സബ്‌സിഡിയോടുകൂടി എയര്‍ കണ്ടീഷനറുകള്‍ വാങ്ങാനുള്ള പദ്ധതിയുമായി ഹരിയാന സര്‍ക്കാര്‍. എ.സി വിലയില്‍ 59 ശതമാനം വരെ ഇളവ് ലഭിക്കുന്നതാണ് ഊര്‍ജ മന്ത്രി രഞ്ജിത് സിങ് ചൗട്ടാല ബുധനാഴ്ച തുടക്കമിട്ട പദ്ധതി. ഊര്‍ജ സംരക്ഷണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

1.05 ലക്ഷം എ.സികളാണ് പദ്ധതിപ്രകാരം വിതരണം ചെയ്യുക. ആഗസ്റ്റ് 24 വരെ ഇതിനായി അപേക്ഷ നല്‍കാം. ഡെക്കാന്‍, ബ്ലൂസ്റ്റാര്‍, വോള്‍ട്ടാസ് എന്നീ എ.സി നിര്‍മാതാക്കളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

വൈദ്യുതി ലാഭിക്കുന്ന 1.5 ടണ്‍ എ.സികളാണ് നിര്‍മാതാക്കള്‍ ലഭ്യമാക്കുക. നിലവിലെ എ.സികള്‍ മാറ്റിവാങ്ങാനും പദ്ധതി വഴി സാധിക്കും. കമ്പനികള്‍ നല്‍കുന്ന വിലക്കിഴിവും സര്‍ക്കാറിന്റെ സബ്‌സിഡിയും ചേര്‍ന്നാണ് കുറഞ്ഞ നിരക്കില്‍ എ.സി ലഭ്യമാക്കാനാകുക. വൈദ്യുതി വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്.

നഗരമേഖലയില്‍ 2000 രൂപ വീതമാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുക. പഴയ എ.സി മാറ്റിവാങ്ങുമ്പോള്‍ 4000 രൂപ സബ്‌സിഡി നല്‍കും. ഗ്രാമപ്രദേശങ്ങളില്‍ ഇത് 4000, 8000 എന്നിങ്ങനെയാണ്. ഊര്‍ജക്ഷമതയുള്ള എ.സികള്‍ വഴി ഒരു കുടുംബത്തിന് വര്‍ഷം 657 യൂണിറ്റ് വൈദ്യുതി ലാഭിക്കാമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നേരത്തെ, എല്‍.ഇ.ഡി ബള്‍ബുകളും ട്യൂബ് ലൈറ്റുകളും വിതരണം ചെയ്യുന്ന പദ്ധതി ഹരിയാന വൈദ്യുതി വകുപ്പ് നടപ്പാക്കിയിരുന്നു. ഊര്‍ജ സംരക്ഷണം കൂടുതല്‍ ഫലപ്രദമാക്കാനായാണ് ക്ഷമത കൂടിയ എ.സികള്‍ ജനങ്ങള്‍ക്ക് ഇളവുകളോടെ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്.

Tags:    
News Summary - Haryana introduces AC scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.