ആത്മീയതയുടെ മറവിൽ 29കാരിയെ ബലാത്സംഗം ചെയ്തു; സന്യാസിക്കും ശിഷ്യനുമെതിരെ കേസ്

ലഖ്നോ: ആത്മീയ പരിശീലനം നൽകാമെന്ന വ്യാജേന ആശ്രമത്തിൽ 29കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ സന്യാസിക്കെതിരെ കേസെടുത്തു. ഹരിദ്വാർ ആശ്രമത്തിലെ മഹാമണ്ഡലേശ്വർ എന്നറിയപ്പെടുന്ന പ്രഖാർ ജി മഹാരാജിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയെ ഭീഷണിപ്പെടുത്തിയ കുറ്റത്തിന് മഹാമണ്ഡലേശ്വരിന്‍റെ ശിഷ്യനെതിരെയും കേസെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച ഇരയുടെ മാതാപിതാക്കൾ മഹാമണ്ഡലേശ്വരിനും ശിഷ്യനുമെതിരെ കിദ്വായ് നഗർ പൊലീസ് സ്റ്റേഷനിൽ കേസ് നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കുടുംബത്തിൽ നടന്ന മതപരമായ ചടങ്ങിനിടെയാണ് സന്യാസി മകളുമായി സമ്പർക്കം പുലർത്തിയതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിയിൽ പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി മകൾ ആശ്രമത്തിലാണ് താമസിക്കുന്നതെന്നും ആറ് വർഷമായി ആശ്രമ ദർശനവുമായി തങ്ങളുടെ കുടുംബത്തിന് ബന്ധമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ, ആശ്രമം സന്ദർശിച്ച സമയത്ത് മകളെ കാണാനുള്ള അനുമതി നിഷേധിച്ചെന്നും ശാഠ്യം പിടിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അധികൃതർ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. മഹാമണ്ഡലേശ്വർ പെൺകുട്ടിക്ക് നേരെ ദുർമന്ത്രവാദം നടത്തിയതായും പരാതിയിലുണ്ട്.

അതേസമയം, മഹാമണ്ഡലേശ്വർ തനിക്ക് നേരെയുള്ള ആരോപണങ്ങൾ നിരസിക്കുകയും പെൺകുട്ടി തന്‍റെ ശിഷ്യയാണെന്ന് അവകാശപ്പെടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ബലാത്സംഗം, ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് ബാബുപൂർവ എ.സി.പി അലോക് സിങ് പറഞ്ഞു. സംസ്ഥാന വനിതാ കമീഷൻ അംഗങ്ങൾക്കും യുവതിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - Haridwar seer booked for rape, intimidation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.