ന്യൂഡൽഹി: ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാവുന്ന നക്സലിസത്തെ ഇന്ത്യ ചെറുത്തുതോൽപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തോക്കുകൊണ്ട് മാത്രമല്ല ചിലർ പേനകൊണ്ടും നക്സൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടക്കുന്ന ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻ ശിബിരത്തെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എല്ലാ സർക്കാരുകളും തീവ്രവാദത്തിന്‍റെ വേരുകൾ തകർക്കാൻ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ തരത്തിലുള്ള നക്സലിസവും അവസാനിപ്പിക്കണം. നമുക്ക് ഇതിന് പരിഹാരം കണ്ടെത്തണം' - പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കുന്ന ഇത്തരം ശക്തികളെ വേരോടെ പിഴുതെറിയണം. ഇവർക്ക് രാജ്യാന്തര പിന്തുണ ലഭിക്കുന്നുണ്ട്. അത്തരം ശക്തികളെ വളരാൻ ഇന്ത്യ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സർക്കാർ സ്വീകരിച്ച പരിഷ്‌കാര നടപടികൾ രാജ്യത്ത് സമാധാനപരമായ അന്തരീക്ഷം നിലനിർത്തുന്നതിന് സഹായിച്ചു എന്നു പറഞ്ഞ പ്രധാനമന്ത്രി കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും നേരിടാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കണമെന്നും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.