രാഹുൽഗാന്ധിയെ ശിക്ഷിച്ച സൂറത്ത് മജിസ്ട്രേറ്റ് ഇനി അഡീഷണൽ സെഷൻസ് ജഡ്ജ്, 40 ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം റദ്ദാക്കി

അഹമ്മദാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അപകീർത്തിക്കേസിൽ രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ച സൂറത്ത് മജിസ്ട്രേറ്റിന് സ്ഥാനക്കയറ്റം. സൂറത്ത് മജിസ്ട്രേറ്റ് എച്ച്.എച്ച് വർമക്ക് അഡീഷണൽ സെഷൻസ് ജഡ്ജ് ആയാണ് സ്ഥാനക്കയറ്റം നൽകിയത്. അതോടൊപ്പം ഗുജറാത്ത് സർക്കാർ സ്ഥാനക്കയറ്റം നൽകിയ 68 ജുഡീഷ്യൽ ഉദ്യോഗസ്ഥരിൽ 40 പേരുടെ സ്ഥാനക്കയറ്റം ഗുജറാത്ത് ഹൈകോടതി റദ്ദാക്കി. 21 പേരുടെ സ്ഥാനക്കയറ്റം നിലനിർത്തിയെങ്കിലും അവരുടെ പോസ്റ്റിങ്ങിൽ മാറ്റം വരുത്തി. ബാക്കിയുള്ളവരുടെ സ്ഥാനക്കയറ്റം പഴയതു പോലെ തന്നെ നിലനിർത്തി.

ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി സ്റ്റേ ചെയ്തതിനെ തുടർന്നാണ് 40 പേരുടെ സ്ഥാനക്കയറ്റം റദ്ദാക്കിയത്. തിങ്കളാഴ്ച പുറപ്പെടുവിച്ച രണ്ടു നോട്ടീസുകളിലൂടെയാണ് 40 ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം റദ്ദാക്കുകയും 21 പേരുടെ പോസ്റ്റിങ് മാറ്റുകയും ചെയ്തത്.

എച്ച്.എച്ച് വർമക്ക് ആദ്യം 16 അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജിയായായിരുന്നു നിയമനം. അത് പിന്നീട് തിരുത്തി രാജ്കോട്ട് 12-ാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജായാണ് നിയമിച്ചിരിക്കുന്നത്.

മെയ് 12നാണ് ജസ്റ്റിസ് എം.ആർ ഷാ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്തത്. യോഗ്യതയും സീനിയോറിറ്റിയും ഒരുപോലെ പരിഗണിച്ചാകണം സ്ഥാനക്കയറ്റം എന്ന ഗുജറാത്ത് ജുഡീഷ്യൽ സർവീസ് റൂൾ 2005 ന്റെ ലംഘനമാണ് കൂട്ട സ്ഥാനക്കയറ്റം എന്ന് കണ്ടാണ് സുപ്രീംകോടതിയുടെ നടപടി. സുപ്രീംകോടതിയുടെ നിർദേശ പ്രകാരം സ്ഥാനക്കയറ്റ പട്ടിക പരിശോധിച്ച് യോഗ്യരായവർക്ക് മാത്രം സ്ഥാനക്കയറ്റം അനുവദിക്കുകയാണ് ഹൈകോടതി ചെയ്തത്.

സ്ഥാനക്കയറ്റം സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിക്കെതിരെ ജുഡീഷ്യൽ ഓഫീസർമാർ അപ്പീൽ നൽകിയിരിക്കുകയാണ്. ഇത് ജൂലൈയിൽ കോടതി പരിഗണിക്കും.

Tags:    
News Summary - Gujarat Judicial Officers' Promotions Reversed After Supreme Court Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.