‘എ.​എ​ൻ.​ഐ’​ അ​ഭി​മു​ഖ​ത്തി​ൽ അ​മി​ത്​ ഷാ​

മോദിക്കെതിരെ ആരോപണമുന്നയിച്ചവർ മാപ്പു പറയണം -അമിത് ഷാ

ന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികൾ, ആദർശപരമായി ബി.ജെ.പിയോട് വിരോധമുള്ള മാധ്യമപ്രവർത്തകർ, ഏതാനും എൻ.ജി.ഒകൾ എന്നിവർ ചേർന്ന് കള്ളം സത്യമായി തോന്നുന്ന സാഹചര്യം സൃഷ്ടിച്ചുവെന്നും അവ കളവാണെന്ന് കോടതി വിധിച്ചിരിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെഹൽകയുടെ ടേപ്പുകളും കളവാണെന്ന് സുപ്രീംകോടതി പറഞ്ഞ സാഹചര്യത്തിൽ ആരോപണമുന്നയിച്ചവർ മോദിയോടും ബി.ജെ.പിയോടും മാപ്പു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മോദിക്ക് ക്ലീൻ ചിറ്റ് നൽകി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിന് ശേഷം വാർത്ത ഏജൻസി 'എ.എൻ.ഐ'ക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം. തനിക്കെതിരായ വ്യാജ ആരോപണങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി 19 വർഷം നിശ്ശബ്ദനായി സഹിക്കുകയായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. സുപ്രീംകോടതി, മോദിക്കു മേൽ ആരോപിച്ച എല്ലാ കുറ്റങ്ങളും തള്ളിക്കളഞ്ഞിരിക്കുകയാണ്.

ചിലയാളുകൾ കുറ്റാരോപണങ്ങൾ രാഷ്ട്രീയമായുണ്ടാക്കിയതായിരുന്നുവെന്നും സ്ഥാപിത താൽപര്യക്കാരായിരുന്നു അതെന്നും കോടതിതന്നെ പറഞ്ഞിരിക്കുന്നു. കലാപത്തിൽ ഗുജറാത്ത് സർക്കാറിനും മോദിക്കും കൈയുണ്ട് എന്നാണ് ആരോപിച്ചത്. ഒരു വാക്കുപോലും ഉച്ചരിക്കാതെ എല്ലാ ദുഃഖങ്ങളെയും ഭഗവാൻ വിഷ്ണുവിനെ പോലെ സഹിച്ച് പോരാടി. ഒടുവിൽ സത്യം സ്വർണം പോലെ തിളങ്ങി പുറത്തുവന്നുവെന്നും അതിൽ ആനന്ദമുണ്ടെന്നും അമിത് ഷാ പറഞ്ഞു. മോദിയുടെ വേദന വളരെ അടുത്തുനിന്ന് താൻ കണ്ടിട്ടുണ്ട്. ഒരു വാക്കുപോലും പറയാതിരിക്കാൻ, മനഃശക്തിയുള്ള ഒരാൾക്കേ കഴിയൂ. കലാപം നേരിടുന്നതിൽ ഗുജറാത്ത് സർക്കാറിന്‍റെ ഭാഗത്തുനിന്ന് കാലതാമസമുണ്ടായിട്ടില്ല. ഗുജറാത്ത് ബന്ദ് പ്രഖ്യാപിച്ചപ്പോൾ സേനയെ വിളിച്ചു. സേനക്ക് എത്താൻ സമയം വേണ്ടി വരും. ഗുജറാത്ത് സർക്കാർ ഒരു ദിവസംപോലും കാലതാമസം വരുത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ കോടതി പോലും അഭിനന്ദിച്ചതാണെന്നും അമിത് ഷാ അവകാശപ്പെട്ടു. മോദി ചോദ്യം ചെയ്യപ്പെട്ടിട്ടും താൻ അറസ്റ്റ് ചെയ്യപ്പെട്ടിട്ടും രാജ്യമൊട്ടുക്കും ഐക്യദാർഢ്യവുമായി ആരും പ്രതിഷേധിച്ചില്ലെന്നും നിയമവുമായി തങ്ങൾ സഹകരിച്ചുവെന്നും കോൺഗ്രസിനെതിരെ അമിത് ഷാ ഒളിയമ്പെയ്തു. 

Tags:    
News Summary - Gujarat genocide and Narendra Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.