അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തതിന് മൂന്ന് പേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഗുജറാത്ത് കോടതി. പശുവിനെ ഹിന്ദുമതത്തിലെ പുണ്യമൃഗമായി വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്. അമറേലി ജില്ലയിലെ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
ജില്ലാ സെഷൻസ് ജഡ്ജി റിസ്വാന ബുകാരിയാണ് കാസിം ഹാജി സോളങ്കി, സാത്തർ ഇസ്മായിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവരെ കുറ്റക്കാരെന്ന് കണ്ട് ശിക്ഷിച്ചത്. 2018ലെ ഗുജറാത്തിലെ പശുഹത്യ നിയമപ്രകാരമാണ് ശിക്ഷിച്ചത്. ഇതിന് പുറമേ ആറ് ലക്ഷം രൂപയെന്ന കനത്ത പിഴയും കോടതി പ്രതികൾക്കുമേൽ ചുമത്തിയിട്ടുണ്ട്. 2023ലാണ് മൂവരെയും പശുകശാപ്പിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. നവംബർ ആറിന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സംഭവസ്ഥലത്ത് നിന്ന് അന്ന് മാംസഭാഗങ്ങൾ കണ്ടെത്തിയിരുന്നു. പരിശോധനയിൽ ഇത് പശുമാംസം ആണെന്നും വ്യക്തമായിരുന്നു. പരിശോധന സമയത്ത അക്രം മാത്രമാണ് പൊലീസ് പിടിയിലായത്. തുടർന്ന് മറ്റ് രണ്ട് പ്രതികളും പൊലീസിന് മുമ്പാകെ ഹാജരാവുകയായിരുന്നു. മൂന്ന് പേരെയും പ്രതികളാക്കി പൊലീസ് കേസെടുക്കുകയും ചെയ്തു.
വിധിക്ക് പിന്നാലെ ചരിത്ര വിധിയാണ് ഗുജറാത്ത് കോടതി പുറപ്പെടുവിച്ചതെന്ന് ഭൂപേന്ദ്ര പട്ടേൽ സർക്കാർ വ്യക്തമാക്കി. പശു ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും ഇങ്ങനെ ചെയ്യുന്നവർ ഒരു ദയയും അർഹിക്കുന്നില്ലെന്നും സർക്കാർ പറഞ്ഞു. 2011ൽ നരേന്ദ്ര മോദി സർക്കാറാണ് പശുകശാപ്പ് ചെയ്യുന്നവർക്കുള്ള ശിക്ഷ കർശനമാക്കിയതെന്ന് ഗുജറാത്ത് മന്ത്രി ജിതു വാഗ്നാനി പറഞ്ഞു. പിന്നീട് 2017ൽ പശുഹത്യക്കുള്ള ശിക്ഷ ഏഴ് വർഷം മുതൽ ജീവപര്യന്തം തടവ് ശിക്ഷയാക്കി ഉയർത്തി.
ഇതാദ്യമായാണ് മൂന്നുപേർ ജീവപര്യന്തം തടവിന് ശിക്ഷക്കപ്പെടുന്നതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ചന്ദ്രേഷ് മേഹ്ത പറഞ്ഞു. കേസിൽ സ്വതന്ത്രനായ ഒരു സാക്ഷിപോലും ഇല്ലെന്നും ഏകപക്ഷീയമായാണ് പൊലീസ് കേസിൽ അന്വേഷണം നടത്തിയതെന്നും പ്രതിഭാഗം വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.