ഗുജറാത്തിൽ 'ആപ്പി'ലാകുന്ന ബി.ജെ.പിയും കോൺഗ്രസും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ പട്ടേലും ആവർത്തിച്ച് പറയുമ്പോഴും ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ബി.ജെ.പിയും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള മത്സരമല്ല. നഗരവോട്ടുകളിൽ മാത്രമല്ല, ഗ്രാമീണ വോട്ടുകളിലും ആം ആദ്മി പാർട്ടി (ആപ്) വിള്ളലുണ്ടാക്കുമെന്ന യാഥാർഥ്യം തെളിഞ്ഞുവന്നതോടെ ഏറെ കാലത്തിന് ശേഷം ഗുജറാത്ത് ത്രികോണ മത്സരത്തിലേക്ക് നീങ്ങുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 29 സീറ്റുകളിൽ ആകെ പോൾ ചെയ്തതിന്റെ കേവലം രണ്ടു ശതമാനത്തിൽ താഴെ വോട്ടുകൾ ജയം നിർണയിച്ച ഗുജറാത്തിൽ അഞ്ച് ശതമാനം വോട്ടുകളുടെ ഗതിമാറ്റം മതി 57 മണ്ഡലങ്ങളിൽ ഫലം അട്ടിമറിക്കാൻ. ജയിക്കാത്ത മണ്ഡലങ്ങളിൽ പോലും ആപ് പിടിക്കുന്ന ഓരോ നഗരവോട്ടും ബി.ജെ.പിയുടെയും ഓരോ ഗ്രാമീണ വോട്ടും കോൺഗ്രസിന്റെയും നെഞ്ചിടിപ്പേറ്റുന്നത് അതു കൊണ്ടാണ്.

കോൺഗ്രസുമായിട്ടുള്ള നേരിട്ടുള്ള മത്സരമാണ് തങ്ങളുടേതെന്ന് ബി.ജെ.പി ആവർത്തിക്കുമ്പോൾ കോൺഗ്രസിനെ മൂന്നാം സ്ഥാനത്താക്കി രണ്ടാം സ്ഥാനത്ത് തങ്ങളായിരിക്കുമെന്ന പ്രതീതി സൃഷ്ടിക്കാൻ നോക്കുകയാണ് ആപ്. കോൺഗ്രസിൽനിന്ന് ഭിന്നമായി ആപ് ഹിന്ദുത്വത്തിൽ ബി.ജെ.പിയോട് മത്സരിച്ചതും ഓരോ മണ്ഡലത്തിലും ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിശ്ചയിച്ചതും ആപ് അപ്രസക്തമായ മണ്ഡലങ്ങളിൽപോലും മത്സരം ത്രികോണമാക്കി.

സംഘടന സംവിധാനം ഒട്ടുമില്ലാത്ത മേഖലകളിലും ആപ്പിന്റെ ചൂലിൽ ബട്ടൺ അമരാത്ത ഒരു ബൂത്തുപോലുമുണ്ടാകില്ലെന്ന പ്രതീതി സൃഷ്ടിക്കാൻ പ്രചാരണത്തിലൂടെ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

ഭരണത്തിലേറാൻ തക്ക സ്വാധീനം താഴെ തട്ടിലില്ലാത്തതിനാൽ 2017ൽ പഞ്ചാബിൽ പ്രതിപക്ഷമായി മാറിയതിന് സമാനമായൊരു ഫലത്തിനാണ് ഗുജറാത്തിൽ ഇക്കുറി പണിയെടുക്കുന്നത്. അതോടെ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുക്ത ഗുജറാത്തിൽ ബി.ജെ.പിയിൽനിന്ന് ഭരണം പിടിക്കാമെന്നുമേ അവർ കണക്കു കൂട്ടുന്നുള്ളൂ.

ബി.ജെ.പി സർക്കാറിനെതിരെ ജനങ്ങളിൽ നല്ലൊരു വിഭാഗത്തിൽ ഭരണവിരുദ്ധ വികാരമുണ്ട് എന്ന് മനസ്സിലാക്കിയ ആപ് ആ വികാരം പ്രതിഫലിപ്പിക്കാൻ കോൺഗ്രസിനാവില്ലെന്ന പ്രചാരണമാണ് നടത്തുന്നത്. ആ പ്രചാരണം സർക്കാറിനോട് എതിർപ്പുള്ള വോട്ടർമാരിൽ ഏശുന്നുമുണ്ട്.

നഗര വോട്ടർമാരിൽ മാത്രമല്ല, ഗ്രാമീണ വോട്ടർമാരിലും ആപ് പ്രചാരണത്തിന്റെ സ്വാധീനം കാണാം. ബി.ജെ.പി മാത്രമേ ജയിക്കൂ എന്ന് പറഞ്ഞ് സംസാരം തുടങ്ങുന്ന വോട്ടർമാരും ഭരണവിരുദ്ധ വികാരം പരസ്യമായി പ്രകടിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കാണാത്ത ഒരു കാഴ്ചയാണിത്.

എന്നാൽ, ഇതിനെയെല്ലാം മറികടക്കാൻ ശേഷിയുള്ളതാണ് ബി.ജെ.പിയുടെ പ്രചാരണ സംവിധാനം. അമിത് ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാനതലം തൊട്ട് ബൂത്തുതലം വരെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ബി.ജെ.പിയാണ് 27 വർഷം തുടർച്ചയായി ഭരിക്കുന്നത്.

ഇതുമൂലമുള്ള ഭരണവിരുദ്ധ വികാരം നല്ലൊരു ശതമാനം ഗുജറാത്തികളിലുണ്ടെന്ന് ആർക്കും മുന്നെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഭരണവിരുദ്ധ വികാരത്തെ ജാതി മത നീക്കങ്ങളിലൂടെ മറികടക്കാനുള്ള തന്ത്രങ്ങളിലും പ്രചാരണങ്ങളിലുമാണ് ബി.ജെ.പി.

Tags:    
News Summary - gujarat assembly election-bjp-congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.