ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള തീർഥാടകരെയും യാത്രക്കാരെയും ലക്ഷ്യമിട്ടുള്ള ഓൺലൈൻ ബുക്കിങ് തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് മുന്നറിയിപ്പ് നൽകിയത്.
മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം പൊതുജനങ്ങളെ കബളിപ്പിക്കുന്നതിനായി വ്യാജ വെബ്‌സൈറ്റുകൾ, തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ പേജുകൾ, ഫേസ്ബുക്ക് പോസ്റ്റുകൾ, വ്യാജ പരസ്യങ്ങൾ എന്നിവയെല്ലാം തട്ടിപ്പുകാർ ഉപയോഗിക്കുന്നു.
പ്രഫഷനലായി തോന്നിക്കുന്നതും എന്നാൽ വഞ്ചനാപരവുമായ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വിവിധ യാത്രാ സംബന്ധമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വാട്സ്ആപ്പ് അക്കൗണ്ടുകൾ എന്നിവയും ഉപയോഗിക്കുന്നു. കേദാർനാഥിലേക്കുള്ള ഹെലികോപ്റ്റർ ബുക്കിങുകൾ, ചാർ ധാം തീർഥാടനകർക്കുള്ള ഗസ്റ്റ് ഹൗസ്, ഹോട്ടൽ റിസർവേഷനുകൾ, ടാക്സി സേവനങ്ങൾ, അവധിക്കാല പാക്കേജുകൾ, തീർഥാടന യാത്രകൾ എന്നിവ ഇത്തരം തട്ടിപ്പുകളിൽ ഉൾപ്പെടുന്നു.
ഇവയിൽ നിന്ന് ജാഗ്രത പാലിക്കാൻ ജനങ്ങളോട് അഭ്യർഥിക്കുന്നു. 'ഏതെങ്കിലും പേയ്‌മെന്റുകൾ നടത്തുന്നതിന് മുമ്പ് വെബ്‌സൈറ്റുകളുടെ ആധികാരികത പരിശോധിക്കുക. ഗൂഗ്ൾ, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയിലെ അജ്ഞാത ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നതിന് മുമ്പ് പരിശോധിക്കുക. ഔദ്യോഗിക സർക്കാർ പോർട്ടലുകൾ അല്ലെങ്കിൽ വിശ്വസനീയ ട്രാവൽ ഏജൻസികൾ വഴി മാത്രം ബുക്കിങുകൾ നടത്തുക'പ്രസ്താവനയിൽ പറയുന്നു.
ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ അത്തരം വെബ്‌സൈറ്റുകളെക്കുറിച്ച് ഉടൻ തന്നെ cybercrime.gov.in എന്ന നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ റിപ്പോർട്ട് ചെയ്യണമെന്നും അല്ലെങ്കിൽ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.