ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി സർക്കാർ ഏജൻസി കോടികൾ ചെലവഴിച്ചെന്ന്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുദ്രവാക്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി സർക്കാർ ഏജൻസികൾ കോടികൾ ചെലവിട്ടെന്ന് റിപ്പോർട്ട്. അൽ ജസീറയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങൾ സർക്കാർ ചെലവിൽ പ്രചരിപ്പിച്ചുവെന്നാണ് കണ്ടെത്തൽ.

2014ലും 2019ലും അധികാരത്തിലെത്തിയ ​നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഇന്ത്യയിൽ മൂന്നാം ഊഴം തേടുകയാണ്. തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പി പ്രചാരണത്തിനായി നിരവധി മുദ്രവാക്യങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. 'അബ് കി ബാർ മോദി സർക്കാർ' എന്നായിരുന്നു ബി.ജെ.പിയുടെ 2014ലെ പ്രധാന മുദ്രാവാക്യം. എന്നാൽ, ഇക്കുറി 400 സീറ്റ് നേടുമെന്ന് പ്രചരിപ്പിക്കാനായി 'അബ് കീ ബാർ 400 പാർ' എന്നതും 'മോദി കീ ഗ്യാരണ്ടി' എന്ന മുദ്രാവാക്യവുമാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നത്.

ബി.ജെ.പിയുടെ ഈ മുദ്രാവാക്യങ്ങൾ ഗൂഗ്ൾ പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കാൻ സർക്കാർ ഏജൻസിയായ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ പണം മുടക്കുന്നുവെന്നാണ് കണ്ടെത്തൽ. ബി.ജെ.പിയുടെ പ്രചാരണവാക്കുകളോട് അടുത്ത് നിൽക്കുന്ന മുദ്രാവാക്യങ്ങൾ ഉപയോഗിച്ചാണ് സർക്കാർ ഏജൻസികൾ ഈ രീതിയിൽ പ്രചാരണം കൊഴുപ്പിക്കുന്നത്.

കേന്ദ്രസർക്കാർ ഏജൻസിയായ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കഴിഞ്ഞ നാല് മാസത്തിനിടെ പരസ്യങ്ങൾക്കായി ചിലവഴിച്ചത് 38.7 കോടി രൂപയാണ്. ബി.ജെ.പിയുടെ പരസ്യബജറ്റിനേയും മറികടക്കുന്നതാണ് ഇത്. ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് ആറ് വർഷം പരസ്യത്തിനായി ചെലവഴിച്ച തുകയുടെ 41 ശതമാനം അധികം വരും സി.ബി.സിയുടെ പരസ്യചെലവ്.

മോദിയുടെ ഗ്യാരണ്ടി എന്ന ബി.ജെ.പി മുദ്രവാക്യം വരുന്ന നിരവധി പരസ്യങ്ങൾ ഈയടുത്തായി സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഈയടുത്തായി പുറത്ത് വിട്ടത്. മാർച്ചിൽ പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖനായ ലാലു പ്രസാദ് യാദവ് മോദിക്ക് കുടുംബമില്ലാത്തതിനാൽ അവരുടെ ദുഃഖങ്ങൾ മനസിലാകില്ലെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മോദി കി പരിവാർ കാമ്പയിന് തുടക്കം കുറിച്ചു. ഈ കാമ്പയിനും സർക്കാർ ഏജൻസികളുടെ പരസ്യങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ സൈനികരെല്ലാം മോദിയുടെ കുടുംബമാണെന്ന് പറയുന്ന പരസ്യകാമ്പയിനായി ലക്ഷങ്ങളാണ് ഏജൻസി മുടക്കിയത്.

അതേസമയം, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ സർക്കാറിന്റെ പണമുപയോഗിച്ച് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ കോൺഗ്രസ് ഇക്കാര്യത്തിൽ പരാതിയും നൽകിയിട്ടുണ്ട്. 

Tags:    
News Summary - Govt agencies spend millions on promoting BJP election slogans: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.