ദലിത് പെൺകുട്ടികൾക്കെതിരായ ആസിഡ് ആക്രമണം; കർശന നടപടിയെന്ന സ്ഥിരം മറുപടിയുമായി യോഗി

ലഖ്നോ: യു.പിയിൽ ഉറങ്ങുകയായിരുന്ന ദലിത് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണമുണ്ടായ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുമ്പോൾ കർശന നടപടിയെടുക്കുമെന്ന സ്ഥിരം മറുപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹാഥറസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ ദിവസേന നിരവധി അതിക്രമങ്ങളുടെ വാർത്തയാണ് പുറത്തുവരുന്നത്. ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും നാൾക്കുനാൾ ആക്രമണങ്ങൾ വർധിക്കുകയാണ്.

ആസിഡ് ആക്രമണക്കേസിൽ പ്രതിക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് യോഗി പൊലീസിന് നിർദേശം നൽകിയത്. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ യു.പിയിൽ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും യോഗി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് യു.പിയിലെ ഗോണ്ട നഗരത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന്​ ദലിത്​ സഹോദരിമാർക്ക്​ നേരെ ആസിഡ്​ ആക്രമണം നടന്നത്. വീട്ടിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടികളുടെ ദേഹത്ത്​ ആസിഡ്​ ഒഴിക്കുകയായിരുന്നു. എട്ട്​, 12, 17 വയസായ പെൺകുട്ടികൾക്കാണ്​ ആക്രമണം നേരിട്ടത്​. 17വയസുകാരിക്ക്​ 35 ശതമാനം പൊള്ള​ലേറ്റു. 12 വയസുകാരിക്ക്​ 25 ശതമാനവും എട്ടുവയസുകാരിക്ക്​ അഞ്ചുശതമാനവും പൊള്ളലേറ്റിട്ടുണ്ട്​. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളിൽ പ്രതികളെ സംരക്ഷിക്കുന്ന സർക്കാർ നടപടിയാണ് ഇത്തരം ആക്രമണങ്ങൾക്ക് പ്രേരണ നൽകുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു.

രാജ്യത്ത് ദലിതർക്കെതിരായി ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്ന സംസ്ഥാനമാണ് യു.പി. ദലിത് സ്ത്രീകൾക്ക് ഏറ്റവും അപകടകരമായി യു.പി മാറിയെന്ന് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ വ്യക്തമാക്കുന്നു. 45,935 ആക്രമണങ്ങളാണ് 2019ൽ യു.പിയിൽ ദലിത് സ്ത്രീകൾക്കെതിരെയുണ്ടായത്. ഇവയിൽ 11,829 ബലാത്സംഗ കേസുകളാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.