'വിചാരണത്തടവുകാർക്ക് ജാമ്യം നൽകുക, അല്ലെങ്കിൽ ഞങ്ങളതുചെയ്യും'; യു.പി സർക്കാറിനോട് സുപ്രീം കോടതി

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും 10 വർഷത്തോളമായി ജയിലിൽ കഴിയുന്ന വിചാരണത്തടവുകാരെ വിട്ടയക്കാൻ നടപടിയെടുക്കാത്ത യു.പി സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. നടപടിയെടുത്തില്ലെങ്കിൽ വിഷയത്തിൽ നേരിട്ട് ഇടപെടുമെന്നും കോടതി വ്യക്തമാക്കി. വിചാരണത്തടവുകാരുടെ ജാമ്യാപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാത്ത അലഹബാദ് ഹൈകോടതിയെയും സുപ്രീം കോടതി വിമർശിച്ചു.

'വിചാരണത്തടവുകാർക്ക് ജാമ്യം നൽകുക. നിങ്ങളെക്കൊണ്ട് ഇത് കൈകാര്യം ചെയ്യാൻ കഴിയില്ലെങ്കിൽ ഞങ്ങളത് ചെയ്യും. നിങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് ഇവരെ തടവിൽ വെക്കാൻ കഴിയില്ല'- കോടതി പറഞ്ഞു. കൂടാതെ വിചാരണത്തടവുകാരെക്കുറിച്ചുള്ള വിവരങ്ങൾ രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കാനും ജസ്റ്റിസുമാരായ എസ്‌.കെ. കൗൾ, എം.എം. സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി. വിഷയത്തിൽ ആഗസ്റ്റ് 17ന് കോടതി കൂടുതൽ വാദം കേൾക്കും.

12 വർഷമായി വിചാരണത്തടവുകാരനായി ജയിലിൽ കഴിയുന്ന സുലൈമാൻ എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി യു.പി സർക്കാരിനെയും അലഹബാദ് ഹൈകോടതിയെയും രൂക്ഷമായി വിർശിച്ചത്. നിരവധി വിചാരണത്തടവുകാർ 15 വർഷമായി ജാമ്യമില്ലാതെ ജയിലിൽ കഴിയുന്നുണ്ടെന്ന് ഹരജിയിൽ പറയുന്നു. 853 വിചാരണത്തടവുകാരാണ് പത്ത് വർഷത്തിലേറെയായി സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്നത്.

പത്ത് വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന വിചാരണത്തടവുകാർക്ക് ജാമ്യം നൽകണമെന്നും അവരുടെ ഹരജിയിൽ വേഗത്തിൽ തീർപ്പുണ്ടാക്കണമെന്നും മേയ് ഒമ്പതിന് അലഹബാദ് ഹൈകോടതിക്ക് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. 

Tags:    
News Summary - "Give Bail To Undertrials, Or We Will": Supreme Court To UP, High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.