സാഗർ കിഷോർ കോവിഡ് ബാധിതനായ പിതാവിനെയും കൊണ്ട് ആംബുലൻസിൽ കാത്തിരിക്കുന്നു

'ഒരു കിടക്ക തരൂ, അല്ലെങ്കിൽ അച്ഛനെ ഒന്നു കൊന്നുതരൂ'; കോവിഡ് ഭീകരതയുടെ നേർക്കാഴ്ചയായി മഹാരാഷ്ട്രയിൽ നിന്നുള്ള ദൃശ്യം

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിന്‍റെ ഭീകരത വ്യക്തമാക്കി മഹാരാഷ്ട്രയിൽ നിന്നുള്ള ദൃശ്യങ്ങൾ. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതോടെ കോവിഡ് ബാധിതരെ ചികിത്സിക്കാൻ മാർഗമില്ലാതെയായിരിക്കുകയാണ് മഹാരാഷ്ട്രയിലെ പല നഗരങ്ങളിലും. പിതാവിനെ ചികിത്സിക്കാൻ ആശുപത്രികളിൽ ഒഴിവില്ലാതെ വാഹനത്തിൽ കിടത്തേണ്ടിവന്ന യുവാവാണ് കോവിഡ് രൂക്ഷത വ്യക്തമാക്കുന്ന അഭ്യർഥന നടത്തിയത്.

'ഇന്നലെ വൈകീട്ട് മൂന്ന് മണി മുതൽ ഞാൻ ആശുപത്രികൾ തേടി അലയുന്നു. വറോറയിലെയും ചന്ദ്രാർപൂരിലെയും ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളിൽ പോലും കിടക്ക ഒഴിവുണ്ടായിരുന്നില്ല' -സാഗർ കിഷോർ എന്നയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.

'ഇവിടെ ഒഴിവില്ലാതായതോടെ രാത്രി 1.30ന് ഞങ്ങൾ തെലങ്കാനയിലേക്ക് പിതാവിനെയും കൊണ്ട് പോയി. എന്നാൽ അവിടെയും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിച്ചില്ല. ഇന്ന് രാവിലെ തിരികെ വന്നു. ഇവിടെ കാത്തിരിക്കുകയാണ്. ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ അച്ഛന്‍റെ ഓക്സിജൻ ലെവൽ കുറഞ്ഞുവന്നു. ശ്വാസമെടുക്കാൻ പ്രയാസമായി. ഒന്നുകിൽ എന്‍റെ പിതാവിന് ആശുപത്രിയിൽ ഒരു കിടക്ക ലഭ്യമാക്കൂ, അല്ലെങ്കിൽ ഒരു ഇൻജെക്ഷൻ നൽകി അദ്ദേഹത്തെ ഒന്നു കൊന്നുതരൂ. എനിക്ക് ഈ അവസ്ഥയിൽ അച്ഛനെ വീട്ടിലേക്ക് കൊണ്ടുപോകാനാവില്ല' -ഇദ്ദേഹം പറയുന്നു.

മുംബൈയിൽ നിന്ന് 850 കിലോമീറ്റർ അകലെയുള്ള നഗരമായ ചന്ദ്രാർപൂരിൽ കോവിഡ് വ്യാപനം അതിഗുരുതരമാണ്. ആശുപത്രികളെല്ലാം നിറഞ്ഞുകഴിഞ്ഞതോടെ പുതിയ രോഗികളെ ചികിത്സിക്കാനാവാത്ത സാഹചര്യമായി. മഹാരാഷ്ട്രയിൽ ആരോഗ്യമേഖലയെ തന്നെ തകിടംമറിച്ചുകൊണ്ടാണ് കോവിഡ് വ്യാപിക്കുന്നത്. കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. 

Tags:    
News Summary - Give A Bed Or Kill Him": Plea From Covid-19 Patient's Son In Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.