മുംബൈ: വിദ്യാർഥിനികളെ വസ്ത്രമഴിച്ച് ആർത്തവപരിശോധനക്ക് വിധേയരാക്കിയ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ എട്ടുപേർക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സ്കൂൾ പ്രിൻസിപ്പലും നാല് അധ്യാപകരും ജീവനക്കാരുമാണ് കേസിൽ പ്രതികൾ.
താനെ ഷാഹാപൂരിലെ ആർ.എസ്. ധമാനി സ്കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം. സ്കൂളിലെ ശുചിമുറിയില്‍ രക്തക്കറ കാണുകയായിരുന്നു. ഇതിന്‍റെ ഫോട്ടോകൾ എടുത്ത അധ്യാപകർ വിദ്യാർഥിനികളെ ചോദ്യംചെയ്തു. അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളെയാണ് ചോദ്യംചെയ്തത്. സ്കൂളിലെ കൺവെൻഷൻ റൂമിലേക്ക് കുട്ടികളെ വിളിച്ചുവരുത്തി രക്തക്കറയുടെ ദൃശ്യങ്ങൾ പ്രൊജക്ടർ ഉപയോഗിച്ച് സ്ക്രീനിൽ കാണിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥിനികളെ ശുചിമുറിയിലേക്ക് എത്തിച്ച് വസ്ത്രമഴിച്ച് വനിത ജീവനക്കാരിയെക്കൊണ്ട് സ്വകാര്യഭാഗങ്ങൾ പരിശോധിപ്പിച്ചത്.
വിദ്യാർഥിനികൾ വീട്ടിലെത്തി കാര്യം പറഞ്ഞതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി സ്കൂളിലെത്തി. സംഭവത്തിൽ ഉൾപ്പെട്ട അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു.
പ്രിൻസിപ്പൽ ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുത്തതായും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും താനെ റൂറൽ എ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.