ബംഗളൂരു: പത്രപ്രവർത്തക ഗൗരി ലേങ്കഷിനെ വെടിവെച്ചുകൊന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ചിക്കമഗളൂരു ബിരൂർ സ്വദേശിയായ കെ.ടി. നവീൻ കുമാറാണ് അറസ്റ്റിലായത്. കേസിൽ പ്രതിചേർക്കപ്പെടുന്ന ആദ്യത്തെയാളാണ് നവീൻ. വെള്ളിയാഴ്ച ഉച്ചയോടെ അന്വേഷണസംഘം ബംഗളൂരു മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ മാർച്ച് 15 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നവീനെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കേസിലെ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
പ്രതിയെ നുണപരിശോധനക്ക് വിധേയമാക്കാൻ അനുമതി തേടി പ്രത്യേക അന്വേഷണസംഘം നൽകിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഹിന്ദുത്വ തീവ്ര ഗ്രൂപ്പുകളായ സനാതൻ സൻസ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നവീൻകുമാർ മാർച്ച് മൂന്നുമുതൽ പ്രത്യേക അന്വേഷണ സംഘത്തിെൻറ കസ്റ്റഡിയിലായിരുന്നു.
അനധികൃതമായി ആയുധം കൈവശം വെച്ച കേസിൽ ബംഗളൂരു സിറ്റി പൊലീസിന് കീഴിലെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്ത നവീൻ കുമാറിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കൈവശമുണ്ടായിരുന്ന തോക്ക് വിൽക്കാനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിലായ ഇയാളിൽനിന്ന് .32 തോക്കും 15 തിരകളും കണ്ടെടുത്തിരുന്നു. കൈവശമുള്ള തോക്കിനെകുറിച്ചും തിരകളെക്കുറിച്ചും സംസാരിക്കുന്നതിനിടെ സുഹൃത്തുക്കളോട് ഗൗരി ലേങ്കഷ് കൊലപാതകവുമായി തനിക്കുള്ള ബന്ധത്തെപ്പറ്റിയും ഇയാൾ പരോക്ഷമായി സൂചിപ്പിച്ചതായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കന്നട എഴുത്തുകാരനായ പ്രഫ. കെ.എസ്. ഭഗവാനെ വെടിവെച്ചു കൊലപ്പെടുത്താൻ നവീൻ കുമാറിനും സംഘത്തിനും പദ്ധതിയുണ്ടായിരുന്നതായും ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം. 2017 സെപ്റ്റംബർ അഞ്ചിന് രാത്രി എേട്ടാടെയാണ് ‘ഗൗരി ലേങ്കഷ് പത്രികെ’യുടെ പത്രാധിപരായിരുന്ന ഗൗരി ലേങ്കഷ് (55) ബംഗളൂരുവിലെ വീട്ടുമുറ്റത്ത് വെടിയേറ്റ് കൊല്ലപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.