ന്യൂഡൽഹി: അസംസ്കൃത എണ്ണ, പാചകവാതകം, പ്രകൃതിവാതകം തുടങ്ങിയവയുടെ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ്. ‘മിസ്റ്റർ മോദി വാഗ്ദാനം ചെയ്ത ഗ്യാസ് ഇപ്പോൾ ഗ്യാസായി തുടരുന്നു’ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു. ഇന്ത്യയുടെ പ്രകൃതിവാതക ഇറക്കുമതി ആശ്രിതത്വത്തെക്കുറിച്ചായിരുന്നു പരിഹാസം.
2014-15നും 2024-25നും ഇടയിൽ ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് 84 ശതമാനത്തിൽനിന്ന് 90 ശതമാനമായി ഉയർന്നു. 2014നും 15നും 2024-25നും ഇടയിൽ എൽ.പി.ജി ഇറക്കുമതിയെ ആശ്രയിക്കുന്നത് 46 ശതമാനത്തിൽനിന്ന് 62 ശതമാനമായി വർധിച്ചു. ആത്മനിർഭരതയോ സ്വാശ്രയത്വമോ മന്ത്രം ആയിരിക്കേണ്ട സമയത്താണ് ഇതെല്ലാം. പ്രകൃതിവാതക കഥ കൂടുതൽ അവ്യക്തമായി തുടരുന്നു. -ജയ്റാം രമേശ് എക്സിൽ കുറിച്ചു.
2005 ജൂൺ ആറിന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി (മോദി) കൃഷ്ണ ഗോദാവരി നദിയുടെ അടിത്തട്ടിൽ ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപറേഷൻ ഏറ്റവും വലിയ വാതക ശേഖരം കണ്ടെത്തിയതായി വീമ്പിളക്കി. ഇന്ത്യ ഊർജ്ജത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തമാകുമെന്ന് പ്രഖ്യാപിച്ചു. 2011നും 2016നും ഇടയിൽ അഞ്ച് സി.എ.ജി റിപ്പോർട്ടുകൾ ഇത് 20,000 കോടി രൂപയുടെ അഴിമതിയാണെന്ന് കണ്ടെത്തി. തുടർന്ന് പ്രധാനമന്ത്രി ഇത് മൂടിവെച്ചു. 2017 ആഗസ്റ്റിൽ ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപറേഷനെ ഒ.എൻ.ജി.സിയിൽ ലയിപ്പിക്കാൻ നിർബന്ധിതമാക്കി. മിസ്റ്റർ മോദി വാഗ്ദാനം ചെയ്ത ഗ്യാസ് ഇപ്പോൾ ഗ്യാസ് മാത്രമായി തുടരുന്നു.’ -ജയ്റാം രമേശ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.