ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി നേതാവിന്‍റെ വീട് പുനർനിർമിക്കാൻ ധനസമാഹരണം

ഭോപ്പാൽ: ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച കേസിലെ പ്രതിയായ ബി.ജെ.പി നേതാവ് പർവേശ് ശുക്ലയുടെ വീട് പൊളിച്ചുനീക്കിയതിൽ പ്രതിഷേധവുമായി ബ്രാഹ്മിൺ സമാജ് രംഗത്ത്. പർവേശ് ശുക്ലയുടെ വീട് പുനർനിർമിക്കാൻ ബ്രാഹ്മിൺ സമാജിന്‍റെ നേതൃത്വത്തിൽ ധനസമാഹരണ യത്നവും ആരംഭിച്ചിട്ടുണ്ട്.

ബ്രാഹ്മിൺ സമാജിന്‍റെ നേതൃത്വത്തിൽ വീട് പുനർനിർമിച്ച് നൽകുമെന്ന് അധ്യക്ഷൻ പുഷ്പേന്ദ്ര മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. പർവേശ് ശുക്ലയുടെ പ്രവൃത്തിയിൽ അദ്ദേഹത്തിന്‍റെ കുടുംബം എന്തിനാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ധനസഹായമായി 51,000 രൂപ കുടുംബത്തിന് കൈമാറിയിട്ടുണ്ട്. വീട് പുനർനിർമാണത്തിനുള്ള തുക ജനങ്ങൾ നൽകുന്നുണ്ടെന്നും മിശ്ര വ്യക്തമാക്കി.

അനധികൃത കൈയേറ്റം ചൂണ്ടിക്കാട്ടി പൊലീസ് സന്നാഹവുമായെത്തിയാണ് ജില്ലാ ഭരണകൂടം പർവേശ് ശുക്ലയുടെ വീടിന്‍റെ ഒരു ഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. പർവേശ് ശുക്ലയുടെ മാതാപിതാക്കളും ഭാര്യയും മൂന്നു വയസുള്ള മകളുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.

മധ്യപ്രദേശിലെ സിധി ജില്ലയിലാണ് കഴിഞ്ഞ ദിവസം നാടിനെ ലജ്ജിപ്പിക്കുന്ന സംഭവമുണ്ടായത്. ആദിവാസി യുവാവിന്‍റെ മുഖത്തേക്ക് ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച സംഭവം ദേശീയ തലത്തിൽ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. തുടർന്ന് പീഡനത്തിനിരയായ ദശ്മത് രാവതിനെ ഭോപാലിലെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ച് കാൽകഴുകിക്കൊടുത്താണ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ ജനരോഷം ശമിപ്പിക്കാൻ ശ്രമിച്ചത്. യുവാവിനെ കസേരയിലിരുത്തി, മുഖ്യമന്ത്രി തറയിലിരുന്ന് കാൽകഴുകുന്ന ചിത്രം വൈറലായിരുന്നു.

കേസിലെ പ്രതിയും ബി.ജെ.പി എം.എൽ.എ കേദാർ നാഥ് ശുക്ലയുടെ അടുത്ത സഹായിയുമായ പർവേശ് ശുക്ല പൊലീസ് കസ്റ്റഡിയിലാണ്. ശുക്ലക്കെതിരെ ദേശീയ സുരക്ഷ നിയമം (എൻ.എസ്.എ) പ്രകാരവും നടപടി സ്വീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Fund raising to rebuild the house of the BJP leader who urinated on the face of the tribal youth in madhyapradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.