കവരത്തി: കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ലക്ഷദ്വീപ് സമൂഹത്തിൽപ്പെട്ട ആറ് ദ്വീപുകളിൽ സമ്പൂർണ അടച്ചിടൽ ഈമാസം 14 വരെ നീട്ടി. കവരത്തി, അമിനി, ആന്ത്രോത്ത്, മിനിക്കോയ്, കൽപേനി, ബിത്ര എന്നിവിടങ്ങളിലാണ് ഇന്ന് വൈകീട്ട് അഞ്ച് മുതൽ ഏഴ് ദിവസത്തേക്ക് സമ്പൂർണ ലോക്ഡൗൺ നീട്ടിയത്. ഇതിൽ ബിത്ര ഒഴികെയുള്ള സ്ഥലങ്ങളിൽ സമ്പൂർണ ലോക്ഡൗൺ നിലനിന്നിരുന്നു. ബിത്രയെ ഇന്ന് പട്ടികയിൽ ചേർക്കുകയായിരുന്നു. മറ്റ് ദ്വീപുകളായ കിൽത്താൻ, ചെത്ലത്ത്, കടമത്ത്, അഗത്തി എന്നിവിടങ്ങളിൽ രാത്രി കർഫ്യൂ തുടരും.
സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച് ദ്വീപുകളിൽപ്പെട്ട കവരത്തിയിൽ ജില്ലാ കലക്ടറുടെ അനുമതിയോടെ കടകൾക്ക് ഉച്ചക്ക് ഒന്ന് മുതൽ നാല് വരെ പ്രവർത്തിക്കാം. മറ്റ് ദ്വീപുകളിലെ കടകൾക്ക് ബി.ഡി.ഒമാരുടെ അനുമതിയോടെ ഇതേ സമയങ്ങളിൽ പ്രവർത്തിക്കാം. ഹോട്ടലുകൾക്ക് രാവിലെ 7.30 മുതൽ 9.30 വരെയും ഉച്ചക്ക് 1 മുതൽ 3 വരെയും വൈകീട്ട് 6 മുതൽ 9 വരെയും പ്രവർത്തിക്കാം. പാർസൽ സർവീസ് മാത്രമേ അനുവദിക്കുകയുള്ളു.
ഹോട്ടൽ ജീവനക്കാർ കോവിഡ് പരിശോധന നടത്തുകയും പ്രത്യേക പാസ് വാങ്ങുകയും വേണം. മത്സ്യ തൊഴിലാളികൾക്കും ഇറച്ചി വിൽക്കുന്നവർക്കും ഹോം ഡെലിവറിയായി ഉച്ചക്ക് 3 മുതൽ 5 വരെ വിൽപന നടത്താം. ഇവരും കോവിഡ് പരിശോധന നടത്തുകയും പ്രത്യേക അനുമതി വാങ്ങുകയും വേണം. ഇവർ വാഹനം ഉപയോഗിക്കുന്നു എങ്കിൽ അതിനും പ്രത്യേക അനുമതി വാങ്ങണം. രാത്രി കർഫ്യൂ നിലനിൽക്കുന്ന ദ്വീപുകളിൽ രാവിലെ 7 മുതൽ വൈകീട്ട് 5 വരെ കടകൾ തുറക്കാം. അവശ്യ സർവീസുകൾക്ക് ഇളവുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.