ദിശ രവി മുതൽ അരുന്ധതി വരെ.. ഭരണകൂടം വേട്ടയാടിയവരേറെ

ന്യൂഡൽഹി: ഭരണകൂട നടപടികൾക്കെതിരെ വിമർശനമുന്നയിച്ച് രാജ്യദ്രോഹികളായി മാറിയ എണ്ണമറ്റ പ്രമുഖർക്ക് തുണയായി സുപ്രീംകോടതി ഇടപെടൽ.

ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകൾ പ്രകാരം 2015-20 കാലയളവിൽ മാത്രം 124 എ പ്രകാരം രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടത് 356 കേസുകളിലായി 548 പേർക്കെതിരെ. ബുക്കർ ജേതാവ് അരുന്ധതി റോയ്, ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനി, കവിയും ആക്ടിവിസ്റ്റുമായ വരവര റാവു, സ്റ്റാൻ സ്വാമി തുടങ്ങി ഭരണകൂടം വേട്ടയാടിയ പ്രമുഖരുടെ പട്ടിക നീളും.

അരുന്ധതി റോയിക്കെതിരെ 2010ലാണ് രാജ്യദ്രോഹം ചുമത്തുന്നത്. 124 എക്കു പുറമെ അത്രയും കടുപ്പമുള്ള 153 എ, ബി, 504 തുടങ്ങിയവയും പൊലീസ് ആയുധമാക്കി. അന്തരിച്ച ഹുർറിയത്ത് നേതാവ് അലി ഷാ ഗീലാനിയും ഇതേ വർഷം സമാനമായി കുറ്റം ചുമത്തപ്പെട്ടു. രാജ്യത്ത് ഭരണകൂട വിരുദ്ധ വികാരം ശക്തമാക്കി കർഷക സമരം തുടരുന്നതിനിടെ 2021 ഫെബ്രുവരി 14ന് ബംഗളൂരുവിൽനിന്നുള്ള 21കാരിയായ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി. ഒരാഴ്ച കഴിഞ്ഞ് ഇവർക്ക് ജാമ്യം അനുവദിച്ച കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ രൂക്ഷ ഭാഷയിലാണ് വിമർശിച്ചത്.

2016ൽ ഡൽഹി ജവഹർലാൽ യൂനിവേഴ്സിറ്റിയിൽ, പാർലമെന്റ് ആക്രമണ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ മൂന്നാം വാർഷിക ദിനത്തിൽ സംഘടിപ്പിച്ച കവിയരങ്ങായിരുന്നു മറ്റൊരു സംഭവം.

ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥി നേതാക്കളായ കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ തുടങ്ങിയവർക്കെതിരെയും ഡൽഹി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി. ഇന്ത്യ-പാക് ട്വന്റി20 മത്സരത്തിനിടെ പാക് താരങ്ങളെ പ്രശംസിച്ച് വാട്സ്ആപ് സ്റ്റാറ്റസിട്ടെന്നാരോപിച്ച് ആഗ്ര ആർ.ബി.എസ് എഞ്ചിനീയറിങ് കോളജിലെ മൂന്ന് കശ്മീരി വിദ്യാർഥികൾക്കെതിരെയും ചുമത്തിയത് രാജ്യദ്രോഹം. കഴിഞ്ഞ വർഷം ഒക്ടോബറിൽ അറസ്റ്റിലായ മൂവരും മോചനമാകാതെ ഇപ്പോഴും ജയിലഴികൾക്കുള്ളിലാണ്.

മലയാളിയായ സിദ്ദീഖ് കാപ്പൻ, വിനോദ് ദുവ തുടങ്ങി നിരവധി മാധ്യമ പ്രവർത്തകർക്കെതിരേയും രാജ്യദ്രോഹം ചുമത്തി. ഹഥറസിൽ ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്ഥലം സന്ദർശിക്കാൻ 2020 ഒക്ടോബർ അഞ്ചിന് പുറപ്പെട്ടതിനിടെയായിരുന്നു കാപ്പനെ യു.പി പൊലീസ് വിലങ്ങണിയിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ കുറ്റപത്രം സമർപ്പിച്ച യു.പി സ്പെഷൽ ടാസ്ക് ഫോഴ്സ് കാപ്പനുൾപെടെ എട്ടു പേർക്കെതിരെയാണ് രാജ്യദ്രോഹവും ഭീകരതയും ചുമത്തിയത്.

രാജ്യത്ത് പൗരത്വവിരുദ്ധ സമരം ശക്തമായ ഘട്ടത്തിലാണ് ജെ.എൻ.യു വിദ്യാർഥി നേതാവായ ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹം ചുമത്തുന്നത്. 2020 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന ഇമാം പലയിടത്തായി ദേശദ്രോഹ പ്രസംഗങ്ങൾ നടത്തിയെന്നാണ് കേസ്.

Tags:    
News Summary - From Disha Ravi to Arundhati .. Many who were hunted by the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.