ഹോളി: അയോധ്യയിൽ വെള്ളിയാഴ്ച പ്രാർഥന ഉച്ചക്ക് രണ്ടിന് ശേഷം

അയോധ്യ (യുപി): ഹോളി ആഘോഷങ്ങൾ കണക്കിലെടുത്ത് അയോധ്യയിലുടനീളമുള്ള എല്ലാ പള്ളികളിലും വെള്ളിയാഴ്ച പ്രാർഥന ഉച്ചക്ക് രണ്ട് മണിക്ക് ശേഷമായിരിക്കുമെന്ന് അയോധ്യയിലെ സെൻട്രൽ മോസ്‌ക്, മസ്ജിദ് സരായ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ് പറഞ്ഞു. ഹോളി ദിനത്തിൽ എല്ലാ മുസ്‍ലിം മതവിശ്വാസികളും ക്ഷമയും ഉദാരതയും പുലർത്താൻ അഭ്യർഥിക്കുന്നു. ആരെങ്കിലും നിറം പൂ​ശിയാൽ, പുഞ്ചിരിയോടെയും സ്നേഹത്തോടെയും ബഹുമാനത്തോടെയും ‘ഹോളി മുബാറക്’ പറയണം. ഹോളിയും ജുമ്അയും ഒത്തുചേരുന്നത് ഇതാദ്യമല്ല. ഐക്യം വളർത്താനുള്ള അവസരമാണിത്’’- അദ്ദേഹം പറഞ്ഞു.

മാർച്ച് 14ന് ഹോളി ആഘോഷങ്ങളുമായി വെള്ളിയാഴ്ച പ്രാർഥനകൾ ഒത്തുചേരുന്നതിനാൽ പലയിടത്തും നമസ്കാര സമയം ക്രമീകരിക്കുന്നത് സംബന്ധിച്ച് അധികൃതർ ചർച്ച നടത്തി. ഹോളിക്ക് മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും സാമുദായിക സംഘർഷം ഒഴിവാക്കാൻ സമാധാന സമിതി യോഗങ്ങൾ നടക്കുന്നുണ്ടെന്നും അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) ചന്ദ്ര വിജയ് സിങ് പറഞ്ഞു.

വരുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരം ഹോളി ആഘോഷം കഴിഞ്ഞ് മതിയെന്നും അതിന് മുമ്പ് നമസ്കരിക്കാൻ ആഗ്രഹിക്കുന്നവർ വീട്ടിൽ നിന്ന് ജമുഅ നമസ്കാരം നിർവഹിക്കട്ടെ എന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഹോളിയുടെ നിറം ശരീരത്തിൽ ആകരുതെന്ന് ആഗ്രഹിക്കുന്നവർ അടുത്ത വെള്ളിയാഴ​്ച പള്ളികളിൽ ജ​ുമുഅക്ക് വരാതെ വീടുകൾക്കുള്ളിൽ കഴിയണമെന്ന സംഭൽ സർക്കിൾ ഓഫീസർ അനൂജ് ചൗധരിയുടെ വിവാദ പ്രസ്താവയെ പിന്തുണച്ചാണ് യോഗി ആദിത്യനാഥ് ഈ നിലപാട് യു.പി സർക്കാറിന്റേതാണ് എന്ന് വ്യക്തമാക്കിയത്.

എല്ലാ വെള്ളിയാഴ്ചയും ജുമുഅ ഉള്ളതാണെന്നും ഹോളി വർഷത്തിൽ ഒരു ദിവസം മാത്രമാണെന്നും യോഗി ആദിത്യനാഥ് ‘ഇന്ത്യാ ടുഡെ’കോൺക്ലേവിൽ പറഞ്ഞു. സംഭലിലെ പൊലീസ് ഉദ്യോഗസ്ഥന്റെ അഭിപ്രായമാണ് തനിക്കും. ഉച്ചക്ക് രണ്ട് മണി വരെ ഹോളി ആഘോഷമുണ്ടാകും. അതിനാൽ അന്നത്തെ ജുമുഅ രണ്ട് മണിക്ക് ശേഷം മതി. വെള്ളിയാഴ്ച ഒരാൾ പള്ളിയിൽ പോകണമെന്ന് നിർബന്ധവുമില്ല. ഇനിയാരെങ്കിലും പോകുകയാണെങ്കിൽ ഹോളിയുടെ നിറം അയാളുടെ ശരീരത്തിലാകുമെന്നും ‘ഇന്ത്യ ടുഡെ’ കോൺക്ലേവിൽ യോഗി പറഞ്ഞിരുന്നു.

Tags:    
News Summary - Friday prayers after 2 pm to accommodate Holi in Ayodhya, says chief cleric

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.