സൗജന്യ പാസും പരിമിതമായ സീറ്റും ആ​ശയക്കുഴപ്പവും; ബംഗളൂരുവിൽ ദുരന്തത്തിലേക്കു നയിച്ച കാരണങ്ങൾ

ന്യൂഡൽഹി: ഫ്രീ പാസുകൾ, വിജയാഘോഷ പരേഡിനെക്കുറിച്ചുള്ള ആശയക്കുഴപ്പം, സ്റ്റേഡിയത്തിലെ തിരക്ക്, പരിമിതമായ സീറ്റുകൾ എന്നിവയാണ് ബംഗളൂരുവിലെ ദുരന്തത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് റി​പ്പോർട്ട്.

സ്റ്റേഡിയത്തിലേക്ക് പ്രവേശന ടിക്കറ്റില്ലാത്ത നിരവധി ക്രിക്കറ്റ് പ്രേമികൾ ടിക്കറ്റുകൾ കൈവശം വച്ചിരുന്നവരോടൊപ്പം പരിസരത്തേക്ക് കൂട്ടംകൂടി കയറാൻ ശ്രമിച്ചതോടെയാണ് തുടക്കത്തിലെ തിക്കും തിരക്കും തുടങ്ങിയതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

ബുധനാഴ്ചയാണ് ക്രിക്കറ്റ് അസോസിയേഷൻ പരിപാടി സംഘടിപ്പിച്ചത്.  സ്റ്റേഡിയത്തിൽ വിജയ പരേഡ് ഉണ്ടാകില്ലെന്നും അനുമോദന ചടങ്ങ് മാത്രമേ ഉണ്ടാകൂ എന്നും ബുധനാഴ്ച രാവിലെ 11.56ന് സംഘാടകർ പ്രഖ്യാപിച്ചു. എന്നാൽ, വൈകുന്നേരം 5 മണിക്ക് വിജയ പരേഡ് നടത്തുമെന്ന് ഉച്ചകഴിഞ്ഞ് 3.14ന് ആർ‌.സി.‌ബി മാനേജ്‌മെന്റ് ടീമിന്റെ അറിയിപ്പു വന്നു.

‘ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിജയ പരേഡിനു ശേഷം ആഘോഷങ്ങൾ നടക്കും. പൊലീസും മറ്റ് അധികാരികളും നിശ്ചയിച്ചിട്ടുള്ള മാർഗനിദേശങ്ങൾ പാലിക്കാൻ എല്ലാ ആരാധകരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അതുവഴി എല്ലാവർക്കും റോഡ്‌ഷോ സമാധാനപരമായി ആസ്വദിക്കാനാകും. shop.royalchallengers.comൽ സൗജന്യ പാസുകൾ വഴി പരിമിതമായ പ്രവേശനം ലഭ്യമാണ്’ എന്നായിരുന്നു ‘എക്സി’ലെ അവരുടെ അറിയിപ്പ്.

വിജയാഘോഷ പരേഡ് നടത്തുമോ ഇല്ലയോ എന്ന കാര്യത്തിൽ ആരാധകരെ ഇത് ആശയക്കുഴപ്പത്തിലാക്കി. പരേഡ് നടത്തില്ലെന്നും ടിക്കറ്റുള്ളവർക്ക് മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂവെന്നും വ്യക്തമാക്കിയിരുന്നെങ്കിലും ധാരാളം ആരാധകർ സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയതായും അവരിൽ പലരും പ്രവേശനം നേടുന്നതിനായി ഗേറ്റുകൾ ചാടിയിറങ്ങിയതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

സാധുവായ ടിക്കറ്റുള്ളവർക്ക് ആഘോഷങ്ങൾക്കായി സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നെങ്കിലും പലരും സൗജന്യ പാസുകളും ടിക്കറ്റുകളും ഉള്ളവരോടൊപ്പം കടക്കാൻ ശ്രമിച്ചു. പ്രവേശനം നേടാനുള്ള ശ്രമത്തിൽ അവരിൽ ചിലർ പരസ്പരം തള്ളിക്കയറാനും തുടങ്ങിയെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഏകദേശം 50,000 ആളുകൾ ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ ഉണ്ടായിരുന്നു. അവരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു. ബഹളത്തിനിടെ ചിലർ നിലത്ത് വീണു. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ വലിയ ഗേറ്റുകൾ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ ചിലർക്ക് പരിക്കേറ്റു.

വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് നേരിയ ബലപ്രയോഗം നടത്തി. ചില ദൃശ്യങ്ങളിൽ ആരാധകരെ പിരിച്ചുവിടാൻ പൊലീസ് ഉദ്യോഗസ്ഥർ ലാത്തി ഉപയോഗിക്കുന്നതും കാണാം. അധികം താമസിയാതെ കബ്ബൺ പാർക്ക്, ഡോ. ബി.ആർ. അംബേദ്കർ സ്റ്റേഷനുകളിൽ തിരക്ക് കാരണം ട്രെയിനുകൾ നിർത്തില്ലെന്ന് ബെംഗളൂരു മെട്രോയും പ്രഖ്യാപിച്ചു.

സ്റ്റേഡിയത്തിനു സമീപമുള്ള തിക്കിലും തിരക്കിലും പെട്ട് 11പേർ മരിക്കുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ യുവാക്കളായിരുന്നു. അവരിൽ പലരും വിദ്യാർഥികളുമാണ്.

സ്റ്റേഡിയത്തിൽ 35,000 പേരെ ഉൾക്കൊള്ളാൻ കഴിയും. പക്ഷേ 2 മുതൽ 3 ലക്ഷം വരെ ആളുകൾ എത്തി. ഇത്രയധികം ആളുകൾ വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റേഡിയത്തിന്റെ ശേഷിക്ക് തുല്യമായ ആളുകൾ ഒത്തുകൂടുമെന്നായിരുന്നു പ്രതീക്ഷ - കുഴപ്പത്തിനും തിക്കിനും തിരക്കിനും കാരണമായത് എന്താണെന്ന് വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ചെറിയ ഗേറ്റുകളാണ്. ആളുകൾ അതു വഴിയാണ് അകത്തുകടന്നത്. അവർ ഗേറ്റുകളും തകർത്തു. അതുമൂലം തിക്കും തിരക്കും സംഭവിച്ചു. പ്രഥമദൃഷ്ട്യാ അങ്ങനെയാണ് തോന്നുന്നത്. ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഞാൻ പറയുന്നില്ല. വിധാൻ സൗധക്കു മുന്നിൽ ലക്ഷത്തിലധികം ആളുകൾ തടിച്ചുകൂടി. അവിടെ ഒരു അനിഷ്ട സംഭവവും ഉണ്ടായില്ല. പക്ഷേ, ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ദുരന്തം സംഭവിച്ചത്. ക്രിക്കറ്റ് അസോസിയേഷനോ സർക്കാറോ ഇത് പ്രതീക്ഷിച്ചിരുന്നില്ല. അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തുകൊണ്ടുവരും -അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Free passes, limited seats: Cops reveal reason behind Bengaluru stadium stampede

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.