ഹൈദരാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്. ജയ്പാല് റെ ഡ്ഡി അന്തരിച്ചു. 77 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ച ഹൈദരാബാദിലെ സ്വകാര്യ ആശുപത്ര ിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തിങ്കളാഴ്ച സംസ്കരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു അറിയിച്ചു.
നാലുതവണ ആന്ധ്രപ്രദേശ് നിയമസഭ അം ഗമായും അഞ്ചുതവണ ലോക്സഭ അംഗമായും രണ്ടുതവണ രാജ്യസഭ അംഗമായും പ്രവർത്തിച്ചു. ഐ.കെ. ഗുജ്റാള്‍ മന്ത്രിസഭയിലും ഒന്നാം, രണ്ടാം യു.പി.എ സര്‍ക്കാറുകളിലും കേന്ദ്രമന്ത്രിയായി രുന്നു. വാര്‍ത്തവിതരണം, പെട്രോളിയം, ശാസ്ത്രസാങ്കേതികം, നഗരവികസനം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചു.വിദ്യാർഥി രഷ്ട്രീയത്തിലൂടെ വളർന്ന ജയ്പാൽ റെഡ്ഡി ആദ്യകാലത്ത് കോണ്‍ഗ്രസ് അംഗമായിരുന്നു. അടിയന്തരാവസ്ഥയെ ശക്തമായി എതിർത്ത് കോൺഗ്രസിൽനിന്ന് പുറത്തുകടന്ന് ജനത പാർട്ടിയിൽ ചേർന്നു.
1980ല്‍ ഇന്ദിര ഗാന്ധിക്കെതിരെ മേഡക് മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് അദ്ദേഹം ജനതാദളിെൻറ ഭാഗമായി. വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി ശക്തനായ പാർലമെേൻററിയനും കോൺഗ്രസ് വക്താവുമായി പ്രവർത്തിച്ചു. ലക്ഷ്മിയാണ് ജയ്പാൽ റെഡ്ഡിയുടെ ഭാര്യ. മൂന്നു മക്കളുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അനുശോചിച്ചു.
ജയ്പാൽ റെഡ്ഡി: നിലപാടിൽ വെള്ളം ചേർക്കാത്ത രാഷ്ട്രീയക്കാരൻ
ഹൈദരാബാദ്: മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിെൻറ വക്താവായി അറിയപ്പെട്ട എസ്. ജയ്പാൽ റെഡ്ഡിയുടെ വിയോഗം ദേശീയ രാഷ്ട്രീയത്തിൽ നികത്താനാകാത്ത നഷ്ടമാണെന്ന് പ്രമുഖർ. കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കളുടെ പ്രതികരണങ്ങൾ ജയ്പാൽ റെഡ്ഡിയുടെ നിലപാടുകൾക്ക് ലഭിച്ച അംഗീകാരമായി. കോൺഗ്രസുകാരനായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം ആദ്യകാലത്തുതന്നെ നിലപാടുകളിൽ വെള്ളം ചേർക്കാതെ തെൻറ നേതാക്കളെ ‘ധിക്കരിക്കാൻ’ ധൈര്യം കാട്ടി. അടിയന്തരാവസ്ഥ അടിച്ചേൽപിച്ച ഇന്ദിര ഗാന്ധിയോട് ശക്തമായി വിയോജിച്ച് പാർട്ടി വിട്ടതും അങ്ങനെയായിരുന്നു. പിന്നീട് മേഡക് മണ്ഡലത്തിൽ ഇന്ദിര ഗാന്ധിക്കെതിരെ മത്സരിച്ചതും നിലപാടിെൻറ പേരിലായിരുന്നു.
തെലങ്കാന വിഭജനത്തിന് ചുക്കാൻ പിടിച്ചതും വിജയംവരിക്കും വരെ പോരാടിയതും റെഡ്ഡിയുടെ നിശ്ചയദാർഢ്യത്തിെൻറ മറ്റൊരു ഉദാഹരണമായിരുന്നു. ഒടുവിൽ രണ്ടാം യു.പി.എ സർക്കാറിെൻറ കാലത്ത് എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധി വിഭജനത്തിന് പച്ചക്കൊടി കാട്ടി. വിഭജനാനന്തര ആന്ധ്രപ്രദേശിെൻറ മുഖ്യമന്ത്രി സ്ഥാനം നീട്ടിയെങ്കിലും താൻ നിരസിക്കുകയായിരുന്നുവെന്ന് ഒരിക്കൽ അദ്ദേഹംതന്നെ വെളിപ്പെടുത്തിയിരുന്നു.
1942ൽ തെലങ്കാനയിൽ മഹബൂബ് നഗർ ജില്ലയിലെ മഡ്ഗുലിൽ ആയിരുന്നു ജനനം. 18 മാസം പ്രായമുള്ളപ്പോൾ പോളിയോ ബാധിച്ച് ഇരു കാലുകൾക്കും സ്വാധീനശേഷി നഷ്ടപ്പെട്ടു. ’60കളിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയായിരുന്നു പൊതുരംഗത്തേക്കുള്ള പ്രവേശം. ഉസ്മാനിയ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം. നല്ലൊരു കർഷകൻ കൂടിയായിരുന്നു ജയ്പാൽ റെഡ്ഡി. ’69 മുതൽ 84 വരെ ആന്ധ്രപ്രദേശ് നിയമസഭ അംഗമായി. ’84ലാണ് ആദ്യമായി ലോക്സഭയിൽ എത്തുന്നത്. ’90 മുതൽ 98 വരെ രാജ്യസഭ അംഗമായി. ’91-92 കാലത്ത് ലോക്സഭ പ്രതിപക്ഷ നേതാവിെൻറ റോളിലുമുണ്ടായിരുന്നു.
’99ൽ കോൺഗ്രസിൽ തിരിച്ചെത്തിയ ശേഷം 2004ലും 2009ലും പാർട്ടിയെ പ്രതിനിധാനം ചെയ്ത് ലോക്സഭ അംഗമായി. 2014ൽ മഹബൂബ് നഗറിൽ മത്സരിച്ച് പരാജയപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹം രംഗത്തുണ്ടായിരുന്നില്ല. മക്കൾ രാഷ്ട്രീയത്തോട് വിയോജിപ്പുള്ള അദ്ദേഹത്തിെൻറ മക്കൾ വിവിധ വ്യാപാര മേഖലയിലാണുള്ളത്. താനും മുൻ പ്രതിരോധ മന്ത്രി എ.കെ. ആൻറണിയും മക്കൾ രാഷ്ട്രീയത്തോട് വിയോജിപ്പുള്ള കോൺഗ്രസ് നേതാക്കളാണെന്ന് അദ്ദേഹംതന്നെ ഒരിക്കൽ സൂചിപ്പിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.