കോയമ്പത്തൂർ: പുതിയ പാർട്ടി രൂപീകരിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ശുദ്ധമായ രാഷ്ട്രീയം കൊണ്ടുവരാമെന്ന ഉറച്ച വിശ്വാസത്തോടെയാണ് ബി.ജെ.പിയിൽ ചേർന്നതെന്നും മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ. പാർട്ടിയിലെയും മുന്നണിയിലെയും രാഷ്ട്രീയ സംഭവവികാസങ്ങളിൽ അതൃപ്തി പരസ്യമാക്കുന്നതായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. കുറച്ചു കാലമായി പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണ് അണ്ണാമലൈ.
പുതിയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. തോക്കുചൂണ്ടി ഒരാളെയും പാർട്ടിയിൽ നിലനിർത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംശുദ്ധമായ രാഷട്രീയപ്രവർത്തനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. അല്ലെങ്കിൽ സിവിൽ സർവീസിൽനിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേരേണ്ട ആവശ്യമില്ലായിരുന്നെന്നും അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു.
‘‘തമിഴ്‌നാട്ടിൽ നല്ല രാഷ്ട്രീയ സഖ്യം ഉയർന്നുവരുമെന്ന പ്രതീക്ഷയോടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരും. ആരാണ് പദവികളിൽ തുടരേണ്ടതെന്നോ ആരെങ്ങനെ പെരുമാറണമെന്നോ നിർദേശിക്കാൻ എനിക്ക് അധികാരമില്ല. ഇഷ്ടമുണ്ടെങ്കിൽ ഞാൻ തുടരും. അല്ലെങ്കിൽ രാജിവച്ച് കൃഷിയിലേക്ക് മടങ്ങും.” അണ്ണാമലൈ പറഞ്ഞു.
സ്വത്ത് സംബന്ധിച്ച കേസിൽ ബി.ജെ.പി നേതൃത്വം നേരത്തേ വിശദീകരണം തേടിയിരുന്നു. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുന്നതായും അഭ്യൂഹം പരന്നിരുന്നു. ഇതിനിടെയാണ് അണ്ണാമലൈയുടെ പ്രതികരണം.
എ.ഐ.എ.ഡി.എം.കെ നേതാക്കൾ തന്നെ നിരന്തരം അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസാരിച്ചുതുടങ്ങിയാൽ പല കാര്യങ്ങളും പറയേണ്ടിവരും. താൻ ഇതുവരെ എ.ഐ.എ.ഡി.എം.കെയെക്കുറിച്ച് സംസാരിച്ചിട്ടില്ല. അവരുടെ നേതാക്കൾ എന്നെ നിരന്തരം അധിക്ഷേപിക്കുകയാണ്. അമിത് ഷായ്ക്ക് നൽകിയ വാക്കിന്റെ പേരിലാണ് സംയമനം പാലിക്കുന്നത്. എന്നാൽ, ക്ഷമക്കും ഒരു പരിധിയുണ്ടെന്നും അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.