‘നിർഭയനായ ജഡ്ജി’ എസ്. മുരളീധർ ഇനി സുപ്രീംകോടതി അഭിഭാഷകൻ



ന്യൂഡൽഹി: സുപ്രധാന വിധികളിലൂടെ നിർഭയനായ ജഡ്ജി എന്ന് വിശേഷിപ്പിക്കപ്പെട്ട ഒഡിഷ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മുരളീധർ സീനിയർ അഭിഭാഷകനായി സുപ്രീംകോടതിയിൽ. ഡൽഹി ഹൈകോടതി ജഡ്ജിയായിരുന്നപ്പോൾ 2020 മാർച്ച് 20ന് അദ്ദേഹത്തെ പഞ്ചാബ്-ഹരിയാന ഹൈകോടതിയിലേക്ക് രാത്രിയിൽ സ്ഥലംമാറ്റി ഉത്തരവിട്ടത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു.

സുപ്രീംകോടതി കൊളീജിയത്തിന്റെ അന്നത്തെ തീരുമാനത്തിനെതിരെ ഡൽഹി ഹൈകോടതി ബാർ അസോസിയേഷൻ ഉൾപ്പെടെ പ്രതിഷേധിച്ചു. ഡൽഹിയിൽ പൗരത്വ സമരവുമായി ബന്ധപ്പെട്ട് വംശീയ കലാപത്തിന് തുടക്കമിടാൻ ഇടയാക്കിയെന്ന് ആരോപിക്കപ്പെടുന്ന മൂന്നു ബി.ജെ.പി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ കേസെടുക്കാതിരുന്ന പൊലീസിനെ ജസ്റ്റിസ് മുരളീധർ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു സ്ഥലംമാറ്റം.

മദ്രാസ് ഹൈകോടതിയുടെ പ്രതികൂല പരാമർശത്തിനെതിരെ വിരമിച്ച വനിത ജുഡീഷ്യൽ ഓഫിസർ നൽകിയ ഹരജിയിലാണ് തമിഴ്നാട് സ്വദേശിയായ ജസ്റ്റിസ് മുരളീധർ തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മുമ്പാകെ ഹാജരായത്. ഒക്ടോബർ 16നാണ് സുപ്രീംകോടതി ഫുൾകോർട്ട് മുരളീധറിന് സീനിയർ അഭിഭാഷക പദവി നൽകിയത്. ‘ഇനി സഹോദരൻ മുരളീധർ എന്ന് എനിക്ക് വിളിക്കാനാവില്ല, പക്ഷേ, മിസ്റ്റർ മുരളീധർ എന്നു പറയാം’ എന്ന ചീഫ് ജസ്റ്റിസിന്റെ പരാമർശം എല്ലാവരും ആസ്വദിച്ചു. ആർക്കുവേണ്ടി ഹാജരായാലും മുരളീധർ മുതൽക്കൂട്ടാണെന്ന് വാദം കഴിഞ്ഞശേഷം ഒരു അഭിഭാഷകൻ പ്രതികരിച്ചു.

ഭരണഘടന പ്രകാരം വിരമിച്ച ഹൈകോടതി ജഡ്ജിമാർക്ക് അവർ ജഡ്ജിയായി സേവനമനുഷ്ഠിച്ചില്ലാത്ത ഹൈകോടതികളിലും സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രാക്ടിസ് ചെയ്യാം.

Tags:    
News Summary - Former Orissa HC chief justice S Muralidhar appears as senior advocate before SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.