ന്യൂഡൽഹി: പഞ്ചാബിൽ മുൻ ശിരോമണി അകാലിദൾ-ബി.ജെ.പി സർക്കാറിൽ മന്ത്രിയായിരുന്ന അനിൽ ജോഷി കോൺഗ്രസിൽ ചേർന്നു. നേരത്തെ ബി.ജെ.പി വിട്ട് ശിരോമണി അകാലി ദളിൽ ചേർന്ന ജോഷി കഴിഞ്ഞ നവംബറിലാണ് പാർട്ടി വിട്ടത്.
ബുധനാഴ്ച പഞ്ചാബ് കോൺഗ്രസിന്‍റെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിയും മുൻ ചത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേൽ, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് വാറിങ്, കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് പ്രതാപ് സിങ് ബജ്വ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് ജോഷി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ജോഷിയുടെ കോൺഗ്രസിലേക്കുള്ള വരവ് സംസ്ഥാനത്ത് പാർട്ടിക്ക് കരുത്താകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. പ്രമുഖ സാമൂഹിക പ്രവർത്തകൻ ദീപക് ലംബയും കോൺഗ്രസിൽ ചേർന്നിട്ടുണ്ട്.
പാർട്ടിയെ സേവിക്കാൻ അവസരം നൽകിയതിൽ കോൺഗ്രസ് നേതൃത്വത്തിന് അനിൽ ജോഷി നന്ദി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിനു മാത്രമേ പഞ്ചാബിനെ പുരോഗതിയിലേക്കും വികസനത്തിലേക്കും നയിക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസം ഡൽഹിയിലെത്തി ലോക്സഭ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെയും പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും ജോഷി കണ്ടിരുന്നു. രാഹുൽ ഗാന്ധിയെ വധിക്കുമെന്ന ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവിന്‍റെ നടപടിയെ ചടങ്ങിൽ ബാഗേൽ ശക്തമായി അപലപിച്ചു. രാഹുലിന്‍റെ സുരക്ഷ വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഹുൽ ഗന്ധിയുടെ വോട്ടുകൊള്ള വെളിപ്പെടുത്തലിനു പിന്നാലെ ബി.ജെ.പിയുടെ കള്ളക്കളി പൂർണമായി പുറത്തുവന്നെന്നും വിറളിപിടിച്ചാണ് ബി.ജെ.പി വക്താവ് തന്നെ രാഹുൽ ഗന്ധിക്കെതിരെ കൊലവിളി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടു തവണ എം.എൽ.എയായ ജോഷി, 2012 മുതൽ 2017 വരെ സംസ്ഥാനം ഭരിച്ച ശിരോമണി അകാലിദൾ-ബി.ജെ.പി സർക്കാറിൽ മന്ത്രി സ്ഥാനവും വഹിച്ചിരുന്നു. വിവാദ കർഷക നിയമം പിൻവലിക്കണമന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തിയ സമരം തെറ്റായി കൈകാര്യം ചെയ്തതിന് കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ചതോടെയാണ് ബി.ജെ.പി അദ്ദേഹത്തെ പുറത്താക്കിയത്.
പിന്നാലെയാണ് ശിരോമണി അകാലിദളിൽ ചേർന്നത്. 2024ൽ അമൃത്സറിൽ ശിരോമണി ടിക്കറ്റിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും തോറ്റു. പിന്നാലെ പാർട്ടി വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.