അഹ്മദാബാദ്: 2004ലെ അഴിമതി കേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ മുൻ ഐ.എ.എസ് ഓഫിസർക്ക് അഹ്മദാബാദിലെ സെഷൻസ് കോടതി അഞ്ച് വർഷത്തെ ജയിൽശിക്ഷയും 75,000 രൂപ പിഴയും വിധിച്ചു. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ കച്ച് ജില്ലാ കലക്ടറായിരുന്ന പ്രദീപ് ശർമക്കാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി ശിക്ഷ നൽകിയത്. സ്വകാര്യ ബിസിനസ് ഗ്രൂപ്പിന് കുറഞ്ഞ വിലക്ക് ഭൂമി കൈമാറ്റത്തിന് അനുമതി നൽകിയെന്നും ഇതുമൂലം സർക്കാറിന് 1.2 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആന്റി കറപ്ഷൻ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസിലെ കണ്ടെത്തൽ.
പൊതുജന സേവകന്റെ വഴിവിട്ട ഇടപെടലുകൾ, സ്വകാര്യ വ്യക്തികളിൽനിന്ന് അനധികൃതമായി പാരിതോഷികങ്ങൾ നേടൽ എന്നീ കുറ്റങ്ങളാണ് പ്രദീപ് ശർമക്കെതിരെ ചുമത്തിയിരുന്നത്. വിപണി മൂല്യത്തേക്കാൾ 25 ശതമാനം കുറഞ്ഞ വിലക്ക് സ്ഥലം വാങ്ങാൻ കമ്പനിയെ ശർമ അനുവദിച്ചു. ഇതിന് പ്രത്യുപകാരമായി കമ്പനിക്കു കീഴിലുള്ള സ്ഥാപനത്തിൽ, ശർമയുടെ ഭാര്യക്ക് 30 ശതമാനം ഓഹരി നൽകി. മറ്റൊരു അഴിമതി കേസുമായി ബന്ധപ്പെട്ട് ഭുജ് ജയിലിലാണ് ഇയാൾ ഇപ്പോഴുള്ളത്.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കച്ച് കലക്ടറായിരുന്ന ശർമക്കെതിരെ നിരവധി അഴിമതി കേസുകളാണുള്ളത്. സ്വകാര്യ കമ്പനിയിൽനിന്ന് 29 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ 2014ൽ ആന്റി കറപ്ഷൻ ബ്യൂറോ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.