മർദം നിയന്ത്രിക്കാൻ മറന്നു; വിമാന യാത്രക്കാരുടെ വായിലും മൂക്കിലും രക്തം

മുംബൈ: വിമാനത്തിനുള്ളിലെ മർദം (കാബിൻ പ്രഷർ) നിയന്ത്രിക്കേണ്ട സ്വിച്ച് (ബ്ലീഡ് സ്വിച്ച്) ഒാൺ ചെയ്യാൻ മറന്നതിനെ തുടർന്ന് യാത്രക്കാരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്ന് രക്തം വന്നത് പരിഭ്രാന്തി പരത്തി. മുംബൈ-ജയ്പുർ ജെറ്റ് എയർവേസ് വിമാനത്തിലാണ് സംഭവം. മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്ന ഉടനെയായിരുന്നു സംഭവം. മർദം നിയന്ത്രിക്കുന്ന വിമാനത്തിനുള്ളിലെ സംവിധാനം ഒാൺ ചെയ്യാൻ കാബിൻ ക്രൂ മറന്നതാണ് മർദം ഉയരാൻ കാരണമായത്.

പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തു വരുന്നു


രാവിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബി 737 (9 ഡബ്ലു 697) വിമാനത്തിലാണ് സംഭവം. മർദത്തിന്‍റെ അളവിൽ മാറ്റം വന്നതിനെ തുടർന്ന് ഒാക്സിജൻ മാസ്കുകൾ മുകളിലത്തെ തട്ടിൽ നിന്ന് പുറത്തുവരികയും ചെയ്തു. സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്ന166 യാത്രക്കാരിൽ 30 പേരുടെ മൂക്കിൽ നിന്നാണ് രക്തം വന്നത്. ചില യാത്രക്കാർക്ക് കടുത്ത തലവേദനയും അനുഭവപ്പെട്ടു. യാത്രക്കാർ മാസ്ക് ധരിച്ചിരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവം നടന്ന ഉടൻ തന്നെ യാത്രക്കാരുമായി വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തിൽ ഇറങ്ങി. യാത്രക്കാർക്ക് പ്രാഥമിക ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് തുടർ യാത്രക്ക് പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

കുറ്റക്കാരായ വിമാന ജീവനക്കാരനെ കൃത്യവിലോപം ചൂണ്ടിക്കാട്ടി ജോലിയിൽ നിന്ന് നീക്കിയതായി അധികൃതർ പറഞ്ഞു. സംഭവത്തെ കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും അന്വേഷണം ആരംഭിച്ചതായി ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു.

Tags:    
News Summary - Forgets to Switch on Cabin Pressure: Jet Airways Passengers Suffer Nose, Ear Bleeds -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.