ന്യൂഡൽഹി: ആഭ്യന്തര സംഘർഷത്തെ ചൊല്ലി ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം വഷളാവുന്നതിനിടെ ബംഗ്ലാദേശിലേക്ക് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയെ അയക്കാനൊരുങ്ങി ഇന്ത്യ.
ഹിന്ദുക്കൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നതിൽ ഇന്ത്യ ആവർത്തിച്ച് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിൽ അഭയം പ്രാപിച്ച ശേഷം ന്യൂഡൽഹിയിൽനിന്ന് ധാക്കയിലേക്കുള്ള ആദ്യ ഉന്നതതല സന്ദർശനമാണിത്.
നയതന്ത്രബന്ധം മെച്ചപ്പെടുത്താനാണ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ധാക്കയിൽ ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറിയടക്കമുള്ളവരുമായി വിക്രം മിസ്രി കൂടിക്കാഴ്ച നടത്തും.
ബംഗ്ലാദേശിൽ അറസ്റ്റിലായ ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണദാസിന് നിയമനടപടികളിൽ നീതിയും സുതാര്യതയും പ്രതീക്ഷിക്കുന്നതായി രൺധീർ പറഞ്ഞു.
കഴിഞ്ഞ മാസം ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുനിന്നാണ് ചിൻമോയ് ദാസിനെ രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.