വ്യാപാര പിരിമുറുക്കങ്ങൾക്കിടെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 23,710 കോടി രൂപ പിൻവലിച്ച് വിദേശ നിക്ഷേപകർ

ന്യൂഡൽഹി: വർധിച്ചുവരുന്ന ആഗോള വ്യാപാര പിരിമുറുക്കങ്ങൾക്കിടയിൽ ഇന്ത്യൻ ഓഹരി വിപണികളിൽനിന്ന് 23,710 കോടി രൂപ പിൻവലിച്ച് വിദേശ നിക്ഷേപകർ. ഡിപ്പോസിറ്ററികളുമായി ബന്ധപ്പെട്ട ഡാറ്റ അനുസരിച്ച് ഈ മാസം ഇതുവരെ (ഫെബ്രുവരി 21 വരെ) ഇന്ത്യൻ വിപണികളിൽനിന്ന് 23,710 കോടി രൂപയുടെ ഓഹരികൾ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) പിൻവലിച്ചതായാണ് റിപ്പോർട്ട്.
ജനുവരിയിൽ 78,027 കോടി രൂപയുടെ അറ്റ ​​ഒഴുക്കിനെ തുടർന്നാണിത്. ഇതോടെ, 2025ൽ ഇതുവരെ എഫ്.പി.ഐകളുടെ പുറത്തേക്കുള്ള മൊത്തം ഒഴുക്ക് 1,01,737 കോടി രൂപയിൽ എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്ക് പുതിയ താരിഫുകൾ ചുമത്തുന്നതിനെ തുടർന്ന് നിരവധി രാജ്യങ്ങളിൽ പരസ്പര താരിഫുകൾ ചുമത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ വിപണിയിൽ ആശങ്ക ഉയർന്നതായി മോണിംഗ്സ്റ്റാർ ഇൻവെസ്റ്റ്‌​മെന്റ് റിസർച്ച് ഇന്ത്യ അസോസിയേറ്റ് ഡയറക്ടർ-മാനേജർ റിസർച്ച് ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു. ഈ സംഭവവികാസങ്ങൾ ഒരു ആഗോള വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ഭയം വീണ്ടും ആളിക്കത്തിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള വളർന്നുവരുന്ന വിപണികളിലേക്കുള്ള അവരുടെ നിക്ഷേപത്തെ രണ്ടാമത് വിലയിരുത്താൻ ഇത് എഫ്.പി.ഐകളെ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഭ്യന്തര രംഗത്ത് മങ്ങിയ കോർപ്പറേറ്റ് വരുമാനവും ഇന്ത്യൻ രൂപയുടെ നിരന്തരമായ മൂല്യത്തകർച്ചയും ഇന്ത്യൻ ആസ്തികളുടെ ആകർഷണം കുറച്ചതായി ശ്രീവാസ്തവ പറഞ്ഞു. ഒന്നിലധികം വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരം ലംഘിച്ചാണ് രൂപയുടെ ഇപ്പോഴത്തെ തകർച്ച.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതിന് ശേഷം യു.എസ് വിപണിയിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വൻതോതിൽ മൂലധന പ്രവാഹമാണ്. എന്നാൽ, അടുത്തിടെ പോർട്ട്‌ഫോളിയോ ഫ്ലോകളുടെ പ്രധാന ലക്ഷ്യസ്ഥാനമായി ചൈന ഉയർന്നുവന്നതായി ജിയോജിത് ഫിനാൻഷ്യൽ സർവിസിന്റെ വിജയകുമാർ പറഞ്ഞു. പ്രമുഖ വ്യവസായികളുമായി ചൈനീസ് പ്രസിഡന്റിന്റെ പുതിയ സംരംഭങ്ങൾ ചൈനയിൽ വളർച്ച വീണ്ടെടുക്കുമെന്ന പ്രതീക്ഷകൾ ജ്വലിപ്പിച്ചു.

ചൈനീസ് സ്റ്റോക്കുകൾ വിലകുറഞ്ഞതായി തുടരുന്നതിനാൽ, ‘ഇന്ത്യയെ വിൽക്കുക ചൈന വാങ്ങുക’ വ്യാപാരം തുടർന്നേക്കാം. എന്നാൽ, ചൈനീസ് സാമ്പത്തിക പുനരുജ്ജീവനത്തെ തടസ്സപ്പെടുത്തുന്ന ഘടനാപരമായ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഇത് ഉടൻ തന്നെ ഇല്ലാതാകുമെന്നാണ് അനുഭവമെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.

സാമ്പത്തിക വളർച്ചയും കോർപ്പറേറ്റ് വരുമാനവും പുനരുജ്ജീവിപ്പിക്കുമ്പോൾ ഇന്ത്യയിലെ എഫ്.പി.ഐ നിക്ഷേപത്തിന്റെ പുനരുജ്ജീവനം സംഭവിക്കുമെന്ന് വിജയകുമാർ വിശ്വസിക്കുന്നു. അതിന്റെ സൂചനകൾ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ സംഭവിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Foreign investors pull out over Rs 23,710 crore from Indian equity markets amid trade tensions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.