ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച കോൺഗ്രസ് പാർട്ടി എം.പി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖാർഗെ. 'കോൺഗ്രസിന് രാജ്യമാണ് വലുത് എന്നാൽ ചിലർക്ക് മോദി വലുതും രാജ്യം രണ്ടാമതുമാണ്' ഖാർഗെ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഖാർഗെയുടെ പ്രതികരണം. 'ശശി തരൂരിന്റെ ഭാഷ വളരെ നല്ലതാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ നിലനിർത്തിയിരിക്കുന്നത്. രാജ്യത്തിനുവേണ്ടി ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നു. ഓപറേഷൻ സിന്ദൂരിലും ഞങ്ങൾ ഒരുമിച്ച് നിന്നു. രാജ്യമാണ് ഞങ്ങൾക്ക് വലുത്. രാജ്യം ആദ്യം വരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ ചിലർക്ക് മോദിയാണ് വലുത്. രാജ്യത്തിന് പിന്നെയാണ് സ്ഥാനം. അതിൽ നമുക്ക് എന്ത് ചെയ്യാനാവും?' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി തവണയാണ് ശശി തരൂര്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി പരാമര്‍ശങ്ങള്‍ നടത്തിയത്. സമാനതകളില്ലാത്ത ഊര്‍ജ്ജമാണ് പ്രധാനമന്ത്രിക്കെന്നും പ്രധാനമന്ത്രിയുടെ ഊര്‍ജ്ജവും ചലനാത്മകതയും ലോക വേദികളില്‍ ഇന്ത്യയുടെ സ്വത്താണെന്നുമൈണ് ദി ഹിന്ദുവിലെഴുതിയ ലേഖനത്തിൽ ശശി തരൂർ പറഞ്ഞത്. ശശി തരൂരിന്റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെക്കുകയും ചെയ്തിരുന്നു.
തരൂരിന്‍റെ മോദി പുകഴ്ത്തൽ ബി.ജെ.പിയിലേക്ക് മാറുന്നതിനുള്ള സൂചനയാണെന്ന് നിരവധി അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ തരൂർ അതിനെ തള്ളിക്കളഞ്ഞു. ഖാർഗെയുടെ പരാമർശത്തിന് പിന്നാലെ തരൂർ എക്‌സിൽ 'പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല. ചിറകുകൾ നിങ്ങളുടേതാണ്, ആകാശം ആരുടേതുമല്ല' എന്ന അടിക്കുറിപ്പോടെ ഒരു പക്ഷിയുടെ ചിത്രം പങ്കിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.