നോയിഡ: ഉത്തർപ്രദേശിലെ ജേവാറിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കൊമേഴ്സ്യൽ വിമാന സർവിസുകൾക്ക് തുടക്കം. ലഖ്‌നോവിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനമായിരുന്നു ആദ്യ സർവീസ്. രാവിലെ 8.05ന് ലഖ്നോവിലെ ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനം നോയിഡ വിമാനത്താവളത്തിൽ ഇറങ്ങി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതികളിലൊന്നായ ജേവാർ വിമാനത്താവളം പ്രവർത്തനക്ഷമമായി.
ആദ്യഘട്ടത്തിൽ വർഷംതോറും ഏകദേശം 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയോടെയാണ് വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഭാവിയിൽ ഇത് വികസിപ്പിച്ച് വർഷത്തിൽ 22.5 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ലക്ഷ്യമിടുന്നുണ്ട്.
നോയിഡ വിമാനത്താവളത്തിൽനിന്നുള്ള ആദ്യ സർവീസിന്റെ ഭാഗമായി ജേവാർ മേഖലയിലെ ഭൂമി വിമാനത്താവളത്തിനായി വിട്ടുനൽകിയ 170 കർഷകരും യാത്രക്കാരായി പങ്കെടുത്തു. ജേവാർ എം.എൽ.എ ധീരേന്ദ്ര സിങ്ങിനൊപ്പം ലഖ്നോവിൽ എത്തിയ കർഷകർ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തും. പ്രദേശത്തിന്റെ വികസനത്തിൽ പങ്കുവഹിച്ച കർഷകരെ ആദരിക്കുന്നതിനായാണ് ഈ നടപടി. നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാന സർവിസുകൾ ലഖ്നോ, ബംഗളൂരു നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും.
ആരംഭഘട്ടത്തിൽ ഇൻഡിഗോ 16ലധികം നഗരങ്ങളുമായി നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് ഡൽഹി-എൻ.സി.ആർ മേഖലയുടെയും പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെയും വ്യോമഗതാഗത വികസനത്തിന് വലിയ പ്രചോദനമാകും.
ഉദ്ഘാടന വിമാനം തിങ്കളാഴ്ച സർവീസ് നടത്തുമെന്നും ഈ റൂട്ടിലെ പതിവ് സർവീസുകൾ പിന്നീട് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. നോയിഡക്കും ലഖ്നോവിനും ഇടയിലുള്ള യാത്ര സുഗമമാക്കാൻ ഈ സർവീസ് സഹായിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ മിക്ക യാത്രക്കാരും ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിമാനങ്ങളെയോ റോഡ് യാത്രയെയോയാണ് ആശ്രയിക്കുന്നത്.
പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുതന്നെ വിമാനത്താവളത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ മൾട്ടി-ലെയർ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും, എ.ഐ അധിഷ്ഠിത നിരീക്ഷണവും, ഏകദേശം 1,030 സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ വിന്യസവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. യു.പി പൊലീസ് പ്രത്യേക എയർപോർട്ട് പൊലീസ് സ്റ്റേഷനും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.