പ്രയാഗ്‌രാജ്: മഹാകുംഭമേളക്കിടെ പ്രയാഗ്‌രാജിൽ വീണ്ടും തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് കുംഭമേളക്ക് പോകുന്ന പ്രധാനപാതയിൽ വാഹനങ്ങൾക്ക് തീപിടിച്ചത്. തീപിടത്തം നാട്ടുകാരേയും തീർഥാടകരേയും ആശങ്കയിലാക്കി.കാറുകളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഫയർ എൻജിനുകൾ സംഭവസ്ഥലത്തേക്ക് എത്തി. ഉടൻ തന്നെ തീയണക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിത്തത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല.
രാവിലെ 6.30ഓടെയാണ് തീപിടിത്തമുണ്ടായെന്ന വിവരം ലഭിച്ചതെന്ന് ഫയർ ഓഫീസർ വിശാൽ യാദവ് പറഞ്ഞു. മാരുതി എർട്ടിഗ കാറിൽ തീപിടിത്തമുണ്ടായെന്നായിരുന്നു റിപ്പോർട്ടുകൾ. ആറ് ഫയർ എൻജിനുകൾ ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചു. ഇതിൽ എർട്ടിഗ കാർ പൂർണമായും കത്തിനശിച്ചു. ഒരു ഹ്യുണ്ടായ് വെന്യു കാർ ഭാഗികമായും കത്തിനശിച്ചിട്ടുണ്ടെന്നും വിശാൽ യാദവ് പറഞ്ഞു.
കനത്ത ചൂട് മൂലമാണ് തീപിടിത്തമുണ്ടായതെന്നും വിശാൽ യാദവ് കൂട്ടിച്ചേർത്തു. നേരത്തെ ജനുവരി 19ാം തീയതിയും കുംഭമേള സ്ഥലത്ത് തീപിടിത്തമുണ്ടായിരുന്നു. അന്ന് തീപിടിത്തത്തിൽ 18 ടെന്റുകൾ കത്തിനശിച്ചിരുന്നു. ഗീത പ്രസിന്റെ ഉടമസ്ഥതയിലുള്ള ടെന്റുകളും ഇത്തരത്തിൽ നശിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ളവർ കുംഭമേള പ്രദേശത്ത് സന്ദർശനം നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.