കാസിരംഗ പാർക്കിൽ രാത്രി സഫാരി; ജഗ്ഗി വസുദേവിനും അസം മുഖ്യമന്ത്രിക്കുമെതിരെ കേസ്

അസം: കാസിരംഗ നാഷണൽ പാർക്കിൽ രാത്രി സഫാരി നടത്തിയതിന് സദ്ഗുരു ജഗ്ഗി വസുദേവിനും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കുമെതിരെ കേസ്. പാർക്കിനു സമീപം താമസിക്കുന്ന രണ്ടുപേരാണ് കേസ് ഫയൽ ചെയ്തത്. മൺസൂൺ പ്രമാണിച്ച് മെയ് മുതൽ അടച്ചിട്ടിരുന്ന പാർക്ക് ഞായറാഴ്ച വൈകീട്ടാണ് വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറന്നു​കൊടുത്തത്.

ഞായറാഴ്ച രാത്രി ജഗ്ഗി വസുദേവ് പാർക്കിനുള്ളിലേക്ക് ജീപ്പുമായി വരികയായിരുന്നു. ജഗ്ഗിക്കൊപ്പം ഹിമന്ത ബിശ്വ ശർമയും മന്ത്രി ജയന്ത മല്ല ബറോയും മറ്റുചിലരും ഉണ്ടായിരുന്നു. രാത്രി വൈകിവരെ ജീപ്പ് സഫാരി തുടർന്നുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഇത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഗോലഘട് ജില്ലയിലെ ബൊകഖട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. സൊനേശ്വർ നര, പ്രബിൻ പെഗു എന്നിവരാണ് പരാതി നൽകിയത്.

നിയമം എല്ലാവർക്കും ബാധകമാണ്. പാർക്കിനുള്ളിൽ രാത്രി ജീപ്പ് സഫാരി വിനോദ സഞ്ചാരികൾക്ക് അനുവദനീയമല്ല. എന്നാൽ സദ്ഗുരുവും ശർമയും രാത്രി ജീപ്പ് യാത്ര നടത്തി. അവർക്കുവേണ്ടി നിയമത്തിൽ ഇളവ് നൽകുന്നത് കാസിരംഗക്കും മൃഗങ്ങൾക്കും ദോഷം ചെയ്യും. അതിനാൽ അവരെ അറസ്റ്റ് ചെയ്യുകയെന്ന അടിസ്ഥാന ധർമം പൊലീസ് നിർവ്വഹിക്കണമെന്ന് പരാതിക്കാർ പറഞ്ഞു.

അതേസമയം, രാത്രി പാർക്കിൽ പോകരുതെന്ന് നിയമമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. വൈൽഡ് ലൈഫ് വാർഡൻ അനുവദിക്കുകയാണെങ്കിൽ പുലർച്ചെ രണ്ടിനും ജനങ്ങൾക്ക് പാർക്കിൽ പ്രവേശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1300 ചതുരശ്ര കിലോമീറ്റർ വിസ്ത്രതിയുള്ള പാർക്ക് കടുവ സ​ങ്കേതമാണ്. കാണ്ടാമൃഗങ്ങളുടെ ഏറ്റവും വലിയ സ​ങ്കേതം കൂടിയാണിത്. നിലവിൽ 2,613 കാണ്ടാമൃഗങ്ങളാണ് കാസിരംഗയിലുള്ളത്. 

Tags:    
News Summary - FIR against Sadhguru, Assam CM for jeep safari in Kaziranga National Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.