ഭർത്താക്കന്മാരുടെ മദ്യപാനം കാരണം പൊറുതിമുട്ടി; വീടുവിട്ടിറങ്ങിയ യുവതികൾ വിവാഹിതരായി, സംഭവം യു.പിയിൽ

ലഖ്നോ: മദ്യപിച്ചെത്തുന്ന ഭർത്താക്കന്മാരുടെ ഉപദ്രവം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയ രണ്ട് യുവതികൾ ക്ഷേത്രത്തിൽ വെച്ച് പരസ്പരം മാല ചാർത്തി വിവാഹിതരായി. യു.പിയിലെ ദിയോറിയയിലാണ് സംഭവം.

കവിത, ബബ്ലു എന്നിങ്ങനെയാണ് ഇരുവരുടെയും പേര്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയത്തിലായത്. വീട്ടിൽ തങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ ഇരുവരും തുറന്നുപറഞ്ഞു. സ്ഥിര മദ്യപാനികളാണ് ഇരുവരുടെയും ഭർത്താക്കന്മാർ. മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിക്കുക പതിവായിരുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമെന്നോണമാണ് ഇവർ വീടുവിട്ടിറങ്ങിയത്.

ഒരു യുവതിക്ക് നാല് കുട്ടികളുണ്ട്. ഭർത്താവിന്‍റെ ഉപദ്രവം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് മടങ്ങാനുള്ള ആലോചനയിലായിരുന്നു ഇവർ. മറ്റേയാളെ ഭർത്താവിന് സ്ഥിരം സംശയമായിരുന്നു. ഇതിന്‍റെ പേരിൽ ഉപദ്രവം തുടരവേയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന്, ഭർത്താക്കന്മാരെ ഉപേക്ഷിച്ച് ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുകയായിരുന്നു.

ദിയോറയിലെ ചോട്ടി കാശി എന്നറിയപ്പെടുന്ന ശിവക്ഷേത്രത്തിൽ വെച്ച് ഇരുവരും പരസ്പരം മാല ചാർത്തി വിവാഹിതരാവുകയായിരുന്നു. തങ്ങൾ ഇനി വീടുകളിലേക്ക് മടങ്ങില്ലെന്നും ഖൊരഗ്പൂരിൽ ഒരുമിച്ച് താമസിച്ച് കുടുംബം പോലെ കഴിയുമെന്നും ഇരുവരും പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.