നീറ്റ് പരീക്ഷയിൽ തോൽക്കുമോയെന്ന പേടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു

ചെന്നൈ : തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നീറ്റ് പരീക്ഷയിൽ മോശം പ്രകടനം കാഴ്ചവയ്ക്കുമെന്ന പേടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. ശനിയാഴ്ചയാണ് ഇന്ദുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ് ടുവിന് മികച്ച മാർക്ക് നേടിയ ഇന്ദു പുതുച്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ നീറ്റ് കോച്ചിംഗിന് ചേർന്നിരുന്നു. എന്നാൽ ആ വർഷത്തെ നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയെങ്കിലും മെഡിക്കൽ പ്രവേശനം ലഭിച്ചില്ല.

തുടർന്ന് ഈ വർഷം പരീക്ഷയ്ക്ക് വീണ്ടും തയ്യാറെടുക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയ മാതാപിതാക്കളും സഹോദരനുമാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഇന്ദുവിനെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വില്ലുപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

2024 ഒക്ടോബറിൽ സമാനമായ ഒരു സംഭവം ഉണ്ടായിരുന്നു. സേലം ജില്ലയിലെ കീഴ്മുഖം ഗ്രാമത്തിൽ 19 വയസ്സുള്ള എസ്. പുനിത എന്ന വിദ്യാർഥിനി മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തമിഴ് മീഡിയം വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ അനീതിയാണെന്ന് വാദിച്ചുകൊണ്ട് തമിഴ്‌നാട് സർക്കാർ വളരെക്കാലമായി പ്രവേശനപരീക്ഷയെ എതിർക്കുകയാണ്.

നീറ്റ് യുജി-2024 ചോദ്യപേപ്പർ ചോർന്നതും നീറ്റ് പിജി 2024 പരീക്ഷ മാറ്റിവച്ചതുമെല്ലാം വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. 2024 ജൂണിൽ, സംസ്ഥാന നിയമസഭ നീറ്റിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും തമിഴ്‌നാടിനെ നീറ്റിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാക്കുകയും ചെയ്തു.

2024 മെയ് 15 ന് ഡി.എം.കെയുടെ ഔദ്യോഗിക പത്രമായ മുരസോലിയിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ, കഴിഞ്ഞ എട്ട് വർഷത്തിനിടെ 119 നീറ്റ് ഉദ്യോഗാർത്ഥികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് വന്നിരുന്നു. വിദ്യാർഥികളുടെ ആത്മഹത്യ തടയുന്നതിനും പരീക്ഷയിൽ കോപ്പിയടി നടത്തുന്ന സംഭവങ്ങൾ ഇല്ലാതാക്കുന്നതിനുമുള്ള ഏക മാർഗം നീറ്റ് റദ്ദാക്കലാണെന്ന് എഡിറ്റോറിയൽ പരാമർശിച്ചിരിന്നു.

Tags:    
News Summary - Fearing failure in NEET exam, student commits suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.