അനിത ബോസ് ഫാഫ്

പിതാവിന്റെ ഭൗതികാവശിഷ്ടം ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കും -നേതാജിയുടെ മകൾ

കൊൽക്കത്ത: തന്റെ പിതാവിന്റേത് എന്ന് അവകാശപ്പെട്ട് ജപ്പാൻ തലസ്ഥാനമായ ടോക്യോയിൽ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കാൻ ഇന്ത്യ, ജപ്പാൻ സർക്കാറുകളെ സമീപിക്കുമെന്ന് സ്വാതന്ത്ര്യ സമരനായകൻ സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിത ബോസ് ഫാഫ്. ടോക്യോയിലെ രങ്കോജി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ശേഷിപ്പുകൾ നേതാജിയുടേതെന്ന് ഉറപ്പാക്കാനാണ് പരിശോധന ആവശ്യം ഉന്നയിക്കുന്നതെന്ന്, ജർമൻ പൗരത്വമുള്ള അനിത ബോസ് പി.ടി.ഐക്ക് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ പറഞ്ഞു. പിതാവിന്റെ മരണം സംബന്ധിച്ച് നിലവിലുള്ള ദുരൂഹതകൾ ഇതിലൂടെ നീക്കുന്നത് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും നല്ല ആദരവായിരിക്കുമെന്നും അവർ പറഞ്ഞു.

''നേതാജിയുടെ മകളെന്ന നിലയിൽ, ഈ ദുരൂഹത എന്റെ ജീവിതകാലത്തുതന്നെ നീക്കണമെന്ന് ആഗ്രഹമുണ്ട്. ഡി.എൻ.എ പരിശോധന ആവശ്യവുമായി ഇന്ത്യൻ സർക്കാറിനെ ഉടൻതന്നെ ഔദ്യോഗികമായി സമീപിക്കും. ഇതിനുള്ള മറുപടിക്ക് അൽപനാൾ കാക്കും. പ്രതികരണമില്ലെങ്കിൽ ഇതേ ആവശ്യവുമായി ജപ്പാൻ സർക്കാറിനെയും സമീപിക്കും'' -സാമ്പത്തിക വിദഗ്ധ കൂടിയായ അനിത ബോസ് വിശദീകരിച്ചു. മുൻകാലങ്ങളിൽ ഇക്കാര്യമുന്നയിച്ച് ഇന്ത്യൻ സർക്കാറിനെ സമീപിച്ചിരുന്നുെവങ്കിലും പ്രതികരണമുണ്ടായിരുന്നില്ലെന്നും അവർ കൂട്ടിേച്ചർത്തു. നേതാജിയുടെ ജീവിതവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അവ്യക്തതകൾ ചിലർ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുണ്ടെന്നും ആരുടെയും പേരുപറയാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയ അവർ, ബോസിന്റെ പാരമ്പര്യത്തെ ആദരിക്കുന്നതിൽ ഇന്ത്യൻ സർക്കാർ ഏറെ ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

''വിമാനാപകടത്തിലാണ് നേതാജി മരിച്ചതെന്ന് പറയുന്ന തെളിവുകളിൽ എനിക്ക് സംശയമില്ല. പക്ഷേ, പിതാവിന്റെ ശേഷിപ്പുകൾ മാതൃരാജ്യത്ത് എത്തിക്കണമെന്നത് അദ്ദേഹത്തോടു ചെയ്യേണ്ട ബാധ്യതയാണ്. 1945 ആഗസ്റ്റ് 18 നുണ്ടായ വിമാനാപകടത്തിൽ അദ്ദേഹം ജീവൻ വെടിഞ്ഞിട്ടില്ലെന്ന് അവകാശപ്പെടുന്നവർക്കും ഈ പരിശോധന ഗുണം ചെയ്യുമല്ലോ'' -അനിത ബോസ് പറഞ്ഞു.

ഓസ്ട്രിയക്കാരിയായ സെക്രട്ടറി എമിലെ ഷെൻകലിനെയാണ് നേതാജി ജീവിതപങ്കാളിയാക്കിയിരുന്നത്. ഇൗ ദമ്പതിമാർക്കുണ്ടായ മകളാണ് അനിത.

Tags:    
News Summary - Father's remains to undergo DNA test -Netaji's daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.