വൻഷിക
ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് കാനഡയിലെ ഒട്ടാവയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിനി വൻഷികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇപ്പോഴിതാ പഞ്ചാബിൽ നിന്നുള്ള ആം ആദ്മി പാർട്ടി നേതാവും വിദ്യാർഥിയുടെ പിതാവുമായ ദേവീന്ദർ സൈനി മകളുടെ മരണത്തിൽ പ്രതികരിക്കുകയാണ്. ഇന്ത്യൻ സർക്കാർ ഇടപെട്ട് തന്റെ മകളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
'2023 ലാണ് അവൾ കാനഡയിലേക്ക് പോയത്. ജീവിതത്തിൽ വലിയ വിജയം നേടാൻ അവൾ ആഗ്രഹിച്ചു... ഞാൻ അവളോട് അവസാനമായി സംസാരിച്ചത് ഏപ്രിൽ 25 ന് അവൾ ജോലിക്ക് പോകുമ്പോഴാണ്. അവളുടെ പുതിയ ജോലിയെക്കുറിച്ച് ഞാൻ ചോദിച്ചിരുന്നു, എല്ലാം നല്ലതാണെന്നാണ് പറഞ്ഞത്… ഏപ്രിൽ 26 ന് രാവിലെയാണ് അവളെ കാണാതായതായി എനിക്ക് ഒരു സന്ദേശം ലഭിച്ചത്' -അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സർക്കാർ കനേഡിയൻ അധികൃതരുമായി സംസാരിച്ച് വൻഷികയുടെ മൃതദേഹം കൊണ്ടുവരുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ശരിയായ അന്വേഷണം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. എ.എ.പിയുടെ ബ്ലോക്ക് പ്രസിഡന്‍റും എ.എ.പി എം.എൽ.എ കുൽജിത് സിങ് രൺധാവയുടെ ഓഫിസിന്‍റെ ചുമതലക്കാരനുമാണ് ദേവീന്ദർ സൈനി.
പഞ്ചാബിലെ ദേര ബസ്സിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് വൻഷിക കാനഡയിലേക്ക് പോയത്. അവിടെ ഒരു കോൾ സെന്ററിൽ ജോലി ചെയ്തിരുന്നു. ഒരു സ്വകാര്യ ക്ലിനിക്കിലും ജോലി ചെയ്തിരുന്നു. ഏപ്രിൽ 18 ന് കാനഡയിൽ നിന്ന് ആരോഗ്യ പഠനത്തിൽ രണ്ട് വർഷത്തെ ബിരുദം പൂർത്തിയാക്കി. വൻഷികയെ കാണാതായെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ദേവീന്ദർ സൈനി പൊലീസിനെ സമീപിച്ചിരുന്നു. കാനഡയിലെ ഇന്ത്യൻ എംബസിയാണ് വൻഷികയുടെ മരണം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.