പ്രണയബന്ധം ഉപേക്ഷിച്ചില്ല: ഉത്തർപ്രദേശിൽ അച്ഛൻ മകളെ കൊലപ്പടുത്തി

ലഖ്‌നോവിലെ റെയിൽവേ സ്റ്റേഷനിൽ കൗമാരക്കാരിയായ പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിമുറിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് ഇത് പെൺക്കുട്ടിയുടെ അച്ഛൻ നടത്തിയ അഭിമാനക്കൊലയാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. മെയ് 17-നാണ് ഗോമതി നഗർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ സ്ലീപ്പർ കോച്ചിനുള്ളിൽ ടിൻ പെട്ടിയിൽ പെൺകുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഷബ്ബ എന്ന പതിനഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ തലയില്ലാത്ത ഉടൽ ഒരു ടിൻ പെട്ടിയിലും കൈകാലുകൾ മറ്റൊരു ബാഗിലുമായിട്ടാണ് കണ്ടെത്തിയത്.

ഷബ്ബ മറ്റൊരു സമുദായത്തിൽപ്പെട്ട ഒരു ആൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിനെ അച്ഛൻ ബിഗ്ഗൻ അൻസാരി ശക്തമായി എതിർത്തിരുന്നു. ഈ ബന്ധം അവസാനിപ്പിക്കാൻ അയാൾ മകളെ നിർബന്ധിച്ചിരുന്നു. എന്നാൽ ഷബ്ബ ഈ ബന്ധം തുടർന്നത് അൻസാരിയെ വലിയ രീതിയിൽ അസ്വസ്ഥനാക്കുകയും സമൂഹത്തിൽ നാണക്കേടുണ്ടാക്കുമെന്ന് ഭയപ്പെടുകയും ചെയ്തിരുന്നു എന്ന് പൊലീസ് പറഞ്ഞു.

നേരത്തെ തന്റെ മറ്റ് രണ്ട് മക്കൾ വീടുവിട്ടുപോയ സംഭവങ്ങൾ അൻസാരിയെ കൂടുതൽ ആശങ്കായിലാഴ്ത്തിയിരുന്നു. ഷബ്ബയും കുടുംബത്തിന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി അതുപോലെ ചെയ്യുമെന്ന് അയാൾ ഭയപ്പെട്ടു. ഈ ഭയമാണ് മെയ് 16-ന് മകളെ കൊലപ്പെടുത്താൻ അൻസാരിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

കൃത്യം നടന്ന ദിവസം അൻസാരി തന്റെ ഭാര്യയെയും രണ്ട് ആൺമക്കളെയും ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. തുടർന്ന് തന്റെ സഹോദരിയോടും സഹോദരിയുടെ ഭർത്താവിനോടും ഈ ക്രൂരമായ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്ത ശേഷമാണ് കൊലപാതകം നടത്തിയത്. ഇത് കൃത്യമായ ആസൂത്രണത്തോടെയാണ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്.

കുഷിനഗറിലെ തംകുഹി റോഡ് റെയിൽവേ സ്റ്റേഷനിൽ വെച്ച് മൂന്ന് പേർ ചേർന്ന് ഈ ടിൻ പെട്ടി സ്ലീപ്പർ കോച്ചിൽ വെക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. അൻസാരി, അയാളുടെ സഹോദരി നൂർജഹാൻ, സഹോദരി ഭർത്താവ് മുജീബുള്ള എന്നിവരാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞു.

മകളെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കിയ ശേഷം, തല കുളത്തിൽ ഉപേക്ഷിച്ചാൽ പെൺകുട്ടിയെ തിരിച്ചറിയാൻ കഴിയില്ലെന്ന് അൻസാരി കരുതി. അതിനുശേഷമാണ് ഷബ്ബയുടെ ഉടൽ ടിൻ പെട്ടിയിലും, കൈകാലുകൾ മറ്റൊരു ബാഗിലുമാക്കി ട്രെയിനിൽ ഉപേക്ഷിച്ചത്.

Tags:    
News Summary - Father kills daughter in Uttar Pradesh for not giving up on love affair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.