ചെന്നൈ: ഭർതൃപിതാവ് മോശമായി പെരുമാറിയെന്നും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് യുവതി തീകൊളുത്തി മരിച്ചു. തമിഴ്നാട് രാമനാഥപുരം സ്വദേശി രഞ്ജിത (32) ആണ് മരിച്ചത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ രഞ്ജിത മധുരയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഭർതൃപിതാവ് എന്നെ കെട്ടിപ്പിടിച്ചു. എനിക്കത് അംഗീകരിക്കാനാകുന്നില്ല. അതുകൊണ്ടാണ് ഞാൻ ആത്മഹത്യ ചെയ്യുന്നത് എന്ന് രഞ്ജിത വിഡിയോയിൽ പറയുന്നത്. ആത്മഹത്യക്ക് ശ്രമിച്ച ശേഷം പകർത്തിയ വിഡിയോയാണിത്. ഭർതൃപിതാവിൽ നിന്നുള്ള ലൈംഗികാതിക്രമത്തിന് പുറമേ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി രഞ്ജിതയുടെ സഹോദരി അളഗസുന്ദരി പറഞ്ഞു.
13 വർഷമായി പീഡനം തുടരുകയായിരുന്നു. അവർ കൂടുതൽ ഭൂമിയും സ്വർണവും ആവശ്യപ്പെട്ടു കൊണ്ടിരുന്നു. അവളുടെ ഭർതൃപിതാവ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നു. ഇതേക്കുറിച്ച് രഞ്ജിത സൂചിപ്പിച്ചിട്ടുണ്ടെന്നും അളഗസുന്ദരി പറഞ്ഞു. ഭർത്താവ് മദ്യപിച്ച് അവളെ മർദിക്കും. അവളെ വീട്ടിലേക്ക് വരാൻ അവർ അനുവദിച്ചിരുന്നില്ല. വീട്ടിൽ വന്നാൽ തിരികെ പ്രവേശിപ്പിക്കില്ലെന്നായിരുന്നു അവരുടെ ഭീഷണി. ഭർതൃപിതാവ് മോശമായി പെരുമാറുന്ന കാര്യം ഏഴാം ക്ലാസിൽ പഠിക്കുന്ന മകനോടും രഞ്ജിത പറഞ്ഞിരുന്നു. മറ്റൊരു വിഡിയോയിൽ രഞ്ജിതയുടെ മകനും ആരോപണങ്ങൾ ശരിവെക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.