പ്രക്ഷോഭ രംഗത്തുള്ള കർഷകർ ഡൽഹി സിംഘു അതിർത്തിയിൽ ഒത്തുചേർന്നപ്പോൾ
ന്യൂഡൽഹി: കർഷക സംഘടനകൾ സമരം ശക്തിപ്പെടുത്താൻ തീരുമാനിച്ചതോടെ രാജ്യവ്യാപകമായി 100 വാർത്തസമ്മേളനങ്ങളും 700 യോഗങ്ങളും ഉൾപ്പെടെ വ്യാപകമായ എതിർപ്രചാരണം നടത്താനൊരുങ്ങി ബി.ജെ.പി. കാർഷിക ബില്ലിെൻറ ഗുണഭോക്താക്കളും ബി.ജെ.പിയുടെ സാമ്പത്തിക പിൻബലവുമായ കോർപറേറ്റ് കമ്പനികളെ ബഹിഷ്കരിച്ച് തുറന്ന ഏറ്റുമുട്ടലിന് കർഷകർ തീരുമാനിച്ച സാഹചര്യത്തിലാണ് സർക്കാറിനെ രക്ഷിക്കാൻ പാർട്ടി രംഗത്തിറങ്ങുന്നത്.
കർഷക സമരത്തെ ഖലിസ്ഥാൻവാദികളുടെ സമരമായി ചിത്രീകരിച്ചത് തിരിച്ചടിയായെന്ന് തിരിച്ചറിഞ്ഞ ബി.ജെ.പി പ്രചാരണത്തിൽ മാറ്റം വരുത്താനും തീവ്ര ഇടതുപക്ഷം ഹൈജാക് ചെയ്ത സമരമായി ജനങ്ങൾക്കിടയിൽ അവതരിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
കർഷക സമരത്തിെൻറ ഭാഗമായി വരുംനാളുകളിൽ അക്രമങ്ങളും തീവെപ്പും പൊതുസ്വത്തുക്കൾ നശിപ്പിക്കുന്നതടക്കമുള്ള സംഭവങ്ങളുണ്ടാകുമെന്ന് 'വിശ്വസനീയമായ ഇൻറലിജൻസ് വിവരം' ഉണ്ടെന്നാണ് മോദി സർക്കാറിെൻറ പുതിയ അവകാശവാദം. ഡൽഹി-ജയ്പുർ ഹൈവേ തടയാൻ കർഷകരെ ഉപദേശിച്ചത് ഇവരാണെന്നും പ്രചരിപ്പിക്കും. അതിനിടെ, അതിർത്തിയിൽ സമരരംഗത്തുള്ള ഭാരതീയ കിസാൻ യൂനിയൻ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സുപ്രീംകോടതിയിലെത്തി.
കോർപറേറ്റുകളുടെ ആർത്തിക്ക്, കർഷകർക്ക് പരിക്കേൽപിക്കുന്നതാണ് മൂന്ന് നിയമങ്ങളുമെന്ന് ഭാരതീയ കിസാൻ യൂനിയൻ സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ബോധിപ്പിച്ചു. ഡി.എം.കെ എം.പി തിരുച്ചി ശിവ കാർഷിക നിയമങ്ങൾക്കെതിരെ സമർപ്പിച്ച ഹരജിയിൽ കക്ഷി ചേരാനാണ് ബി.കെ.യു സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. കാർഷികോൽപന്നങ്ങൾക്ക് മാന്യമായ വില ഉറപ്പുവരുത്തുന്ന കാർഷിക ഉൽപാദന വിപണന സമിതി (എ.പി.എം.സി) പൊളിച്ചുകളയുമെന്നും ഹരജിയിലുണ്ട്.
അതേസമയം, കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ശംഭു അതിർത്തിയിൽ തിങ്കളാഴ്ച സമരം നടത്തും. പഞ്ചാബിലെ കർഷകർക്ക് കിട്ടിയിരുന്ന വരുമാനം ഇപ്പോൾ രാജ്യത്ത് കാർഷിക വരുമാനം ഏറ്റവും കുറവുള്ള ബിഹാറിലേതിന് സമാനമായെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഡിസംബർ 14ന് ധർണ നടത്തുമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. കർഷകരുടെ ക്ഷമ പരീക്ഷിക്കരുതെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ ആവശ്യപ്പെട്ടു. അതിനിടെ, സമരക്കാരുമായി ചർച്ച നടത്താൻ തങ്ങൾ വീണ്ടും ഒരുക്കമാണെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ വെള്ളിയാഴ്ചയും ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.