ഹരിയാന മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധിച്ച കർഷകർക്ക് പൊലീസ് അതിക്രമത്തിൽ പരിക്കേറ്റപ്പോൾ
ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെതിരെ പ്രതിഷേധിച്ച കർഷകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ കർഷകൻ മരിച്ചു. സുശീൽ കാജൾ എന്ന കർണാൽ സ്വദേശിയായ കർഷകനാണ് മരിച്ചത്. ഇദ്ദേഹത്തിന് തലയ്ക്കാണ് പരിക്കേറ്റിരുന്നത്.
കഴിഞ്ഞ ദിവസം കർണാലിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത ബി.ജെ.പി നേതാക്കളുടെ യോഗത്തിലാണ് സംഭവം. വിവാദമായ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷക സംഘടനകൾ മൂന്നാംഘട്ട സമരം പ്രഖ്യാപിക്കുകയും ഈ യോഗത്തിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ബി.ജെ.പി വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇവിടേക്ക് എത്തിയ കർഷകരെ പൊലീസ് തടഞ്ഞു. ബി.ജെ.പി നേതാക്കളുടെ വാഹനം തടയാനും കരിങ്കൊടി കാട്ടാനും ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷത്തിൽ പത്ത് കർഷകർക്ക് പരിക്കേറ്റിരുന്നു. 50 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മജിസ്ട്രേറ്റ് പ്രതിഷേധിക്കുന്ന കർഷകരുടെ തല തല്ലിപ്പൊളിക്കാൻ നിർദേശിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കർഷകർ ഡൽഹി-ഹിസാർ ദേശീയപാത ഉപരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.