ചെന്നൈ: 1996 ലാണ് തന്റെ അറുപതേക്കർ വരുന്ന കൃഷിഭൂമിയുടെ ഓരത്ത് ആർ. ഗുരുസ്വാമി കുറച്ച് മാനുകളെ കണ്ടെത്തിയത്. അത് മുമ്പ് കാണാത്ത കാഴ്ചയായിരുന്നു. അവ തന്റെ പശുക്കൾക്കും ആടുകൾക്കുമൊപ്പം മേയുന്നതു കണ്ട ഗുരുസ്വാമി അവയെ തിരിച്ചയച്ചില്ല. പിന്നെ എന്നും അവ അവിടെയെത്തി. പിന്നീട് തന്റെ കൃഷിഭൂമി അവയ്ക്കുകൂടി മേയാനായി വിട്ടുകൊടുക്കുകയായിരുന്നു ഈ പ്രകൃതിസ്നേഹി.
തിരുപ്പൂരിൽ പുതുപ്പാളയത്താണ് ഗുരുസ്വാമിയുടെ ഭൂമി. പിന്നെ ഗുരുസ്വാമി ആ ഭാഗത്ത് കൃഷിചെയ്തില്ല. തന്റെ അധീനതയിലുണ്ടായിരുന്ന 35 ഏക്കർ ഭൂമി മാനുകൾക്ക് വിഹരിക്കാനായി വിട്ടുകൊടുത്തു. അവിടെത്തന്നെ വളർന്ന മാനുകൾ പെറ്റുപെരുകി ഇന്ന് രണ്ടായിരത്തോളമായി.
പിതൃസ്വത്തായി ലഭിച്ചതായിരുന്നു ഗുരുസ്വാമിക്ക് 60 ഏക്കർ സ്ഥലം. ഇതിൽ 35 ഏക്കറാണ് സ്വാഭാവിക വനമായി അദ്ദേഹം മാനുകൾക്ക് വളരാൻ വിട്ടുകൊടുത്തത്. ഇന്ന് ഒരു വലിയ കാടായി ഈ ഭൂമി മാറിക്കഴിഞ്ഞു. മാനുകളുടെ സംരക്ഷകനായിത്തന്നെ അദ്ദേഹം അവിടെയുണ്ട്. മാനുകളെ ആരും വേട്ടയാടാതിരിക്കാനായി ജനങ്ങളെ ബോധവത്കരിക്കാറുണ്ട് അദ്ദേഹം.
തന്റെ നാട്ടിൽ സാധാരണയായി മാനുകൾ വരാറുണ്ടായിരുന്നില്ല. എങ്ങനെയോ വഴിതെറ്റി വന്നതായിരുന്നു അന്നവ. ഇന്ന് അവ തന്റെ സുഹൃത്തുക്കളായി മാറിയെന്ന് അദ്ദേഹം പറയുന്നു. ഇവയുടെ എണ്ണം ഇന്ന് രണ്ടായിരം കഴിഞ്ഞിരിക്കുന്നു. ഇത്രയും ഒട്ടും പ്രതീക്ഷിച്ചതല്ല. ഗുരുസ്വാമിയുടെ സേവനം കണ്ടറിഞ്ഞ് അദ്ദേഹത്തിന് വേണ്ട നിർദേശങ്ങൾ നൽകാനും സഹായിക്കാനുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ എത്താറുണ്ട്.
തമിഴ്നാട്ടിലെ വനം പരിസ്ഥിതി അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഈയിടെ അവിടം സന്ദർശിക്കുകയും എക്സിൽ ഇതെപ്പറ്റി എഴുതുകയും ചെയ്തു. അവിടം കാണുമ്പോൾ താൻ മുതുമല വന്യജീവി സങ്കേതത്തിലെത്തിയതുപോലെയാണ് തോന്നിയതെന്നാണ് സുപ്രിയ സാഹു എുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.