ന്യൂഡൽഹി: വിരമിക്കാൻ ഒരു മാസം കൂടി ബാക്കിനിൽക്കേ സുപ്രീംകോടതി വേനലവധിക്ക് അടക്കുന്നത് പരിഗണിച്ച് ജസ്റ്റിസ് കെ.എം. ജോസഫിന് ആചാരപരമായ യാത്രയയപ്പ് നൽകി. ഒന്നാം നമ്പർ കോടതിയിൽ നടന്ന ചടങ്ങിൽ തുടക്കക്കാരായ ജൂനിയർ അഭിഭാഷകർ മുതൽ അറ്റോണി ജനറൽവരെയുള്ളവർ അദ്ദേഹത്തെ പ്രശംസകൊണ്ട് മൂടി. അടുത്ത മാസം 16നാണ് ജസ്റ്റിസ് ജോസഫ് വിരമിക്കുന്നത്. പുതുജീവിതം തുടങ്ങുകയാണെന്നും ഏത് ട്രാക്കിലൂടെയായിരിക്കും അതെന്ന് പറയാനാവില്ലെന്നും അദ്ദേഹം മറുപടി നൽകി.
1997ൽ ആദ്യമായി ഡൽഹിയിലെത്തുമ്പോൾ ആദ്യ സുഹൃത്തായിരുന്നു ജസ്റ്റിസ് ജോസഫെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. സുപ്രീംകോടതിക്ക് കനപ്പെട്ട വ്യക്തിയെയാണ് നഷ്ടമാകുന്നതെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി പറഞ്ഞു.
ഉന്നത ബൗദ്ധിക നിലവാരം പുലർത്തിയ അദ്ദേഹം ആ ഔന്നത്യം യോഗ്യതനോക്കി കേസ് തീർപ്പാക്കുന്നതിലും കാണിച്ചുവെന്ന് സിങ്വി പറഞ്ഞു. സാമൂഹിക നീതിയോട് പ്രതിബദ്ധതയുള്ള ജസ്റ്റിസ് ജോസഫിന് മുന്നിൽ ഹാജരാകുന്നത് അങ്ങേയറ്റം ആഹ്ലാദകരമായിരുന്നുവെന്ന് അഡ്വ. അനിത ഷെനോയി ഓർത്തെടുത്തു. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരിക്കേ ഹാജരാകാൻ പോയപ്പോൾ കേരളീയരായ അഭിഭാഷക സുഹൃത്തുക്കളോട് അഭിപ്രായം ചോദിച്ചപ്പോൾ അവരുടെ വാക്കുകൾ പ്രശംസാർഹമായിരുന്നുവെന്ന് കേന്ദ്ര സർക്കാറിന്റെ അറ്റോണി ജനറൽ ശ്ലാഘിച്ചപ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഒറ്റവരിയിൽ ആരോഗ്യപൂർണമായ ജീവിതമാശംസിച്ചു.
ജസ്റ്റിസ് ജോസഫ് തന്നെ കുറിച്ച നല്ല വാക്കുകൾക്ക് വളരെ ചുരുങ്ങിയ വാക്കുകളിൽ നന്ദിപറഞ്ഞ് ചീഫ് ജസ്റ്റിസുമൊത്തുള്ള അവസാന സിറ്റിങ് കഴിഞ്ഞ് എഴുന്നേൽക്കുകയും ചെയ്തു. തന്നെ കുറിച്ചുള്ള നല്ല വാക്കുകൾക്ക് അഭിഭാഷകരോടും ജഡ്ജിമാരോടും നന്ദി പറഞ്ഞു. സുപ്രീംകോടതി ബാറിന്റെ സഹായമില്ലാതെ കോടതിക്ക് സാധാരണക്കാരനെ കേൾക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് 17ന് വിരമിക്കുന്ന ജസ്റ്റിസ് അജയ് രസ്തോഗിക്കും 29ന് വിരമിക്കുന്ന ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യനും ചീഫ് ജസ്റ്റിസുമൊത്തുള്ള ആചാരപരമായ യാത്രയയപ്പ് വെവ്വേറെ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.