കന്നഡ നടൻ ദർശൻ ബല്ലാരി സെൻട്രൽ ജയിലിൽ നിന്ന് പുറത്തേക്ക് വരുന്നു
ബംഗളൂരു: ആരാധകനായ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ കന്നട നടൻ ദർശൻ തൂഗുദീപക്ക് (47) കർണാടക ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ദർശന്റെ ആരോഗ്യനില പരിഗണിച്ചാണ് ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടി ആറാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.
നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ദർശൻ ജാമ്യ ഹരജിയിൽ ഹൈകോടതിയെ അറിയിച്ചിരുന്നു. രണ്ടുലക്ഷം രൂപയുടെയും രണ്ടാളുടെയും ജാമ്യ ഉപാധിക്ക് പുറമെ, പാസ്പോർട്ട് വിചാരണകോടതിയിൽ സമർപ്പിക്കാനും കോടതി നിർദേശിച്ചു. ഒന്നാം പ്രതി പവിത്ര ഗൗഡയുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈകോടതി നവംബർ ഏഴിലേക്ക് മാറ്റിയിരുന്നു. ജാമ്യ ഉത്തരവിന് പിന്നാലെ നടപടികൾ പൂർത്തിയാക്കി, ബുധനാഴ്ച വൈകീട്ട് ദർശൻ ബെള്ളാരി ജയിലിൽനിന്ന് പുറത്തിറങ്ങി.
ദർശന്റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ശേഷം കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്ന കേസിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്.
ദർശന്റെ സുഹൃത്തായ നടി പവിത്ര ഗൗഡക്കെതിരെ സാമൂഹികമാധ്യമത്തിൽ അശ്ലീല കമന്റിട്ടതിനാണ് രേണുകസ്വാമിയെ നടൻ ദർശനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. നടൻ ദർശനും പവിത്ര ഗൗഡയും ഉൾപ്പെടെ ആകെ 17 പ്രതികളാണ് കൊലക്കേസിൽ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.