ഭർത്താവിനെതിരെ വ്യാജ പീഡന പരാതി: ഭാര്യക്ക് 10,000 രൂപ പിഴ

അലഹാബാദ്: ഭർത്താവിനെതിരെ വ്യാജപീഡന പരാതി നൽകിയ ഭാര്യക്കെതിരെ 10,000 രൂപ പിഴ ചുമത്തി അലഹാബാദ് ഹൈകോടതി. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തെറ്റായ തെളിവുകളിലൂടെ യുവതി കോടതിയെ കബളിപ്പിച്ചുവെന്ന് ജസ്റ്റിസ് അഞ്ജനി കുമാർ മിശ്ര, ജസ്റ്റിസ് ദീപക് വർമ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഭർത്താവിനെതിരെ തയാറാക്കിയ എഫ്.ഐ.ആർ പിൻവലിക്കണമെന്നും യുവതിക്കെതിരെ പിഴ ചുമത്തണമെന്നും കോടതി ഉത്തരവിട്ടു. പ്രയാഗ് രാജ് സ്വദേശിനിയാണ് ഭർത്താവിനെതിരെ വ്യാജ പീഡന പരാതിയുമായി രംഗത്തെത്തിയത്. 2021 ആഗസ്റ്റ് 13നായിരുന്നു പരാതി പ്രകാരം കേസിനാസ്പദമായ സംഭവം. മുൻ ഭർത്താവിൽ നിന്നും അകന്ന് കഴിയുകയായിരുന്ന യുവതിയെ പ്രതിയെന്നാരോപിക്കപ്പെട്ട വ്യക്തിയും യുവതിയുടെ നിലവിലെ ഭർത്താവുമായ മുഹമ്മദ് സൽമാൻ ബലാത്സംഗം ചെയ്തെന്നാണ് പരാതി.

സൽമാനും സഹോദരിയും സഹോദരി ഭർത്താവും യുവതിയുടെ വീട്ടിലെത്തുകയും മർദ്ദിക്കുകയും ചെയ്തു. മകനെത്തിയാണ് ആക്രമണത്തിൽ നിന്നും യുവതിയെ രക്ഷപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡിസംബർ 21നാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്. വിവാഹം കഴിക്കാമെന്ന് സൽമാൻ വാഗ്ദാനം നൽകിയിരുന്നെങ്കിലും കോവിഡ് കാരണം വിവാഹം നീട്ടിവെച്ചതിൽ തോന്നിയ ആശങ്കയാണ് പരാതി നൽകാൻ കാരണമായതെന്ന് യുവതി കോടതിയെ അറിയിച്ചു. പിന്നീട് 2022 ജനുവരിയിൽ ഇരുവരും വിവാഹിതരാകുകയായിരുന്നു.

പരാതിക്കാരി കോടതിയിൽ നൽകിയ അപേക്ഷയിൽ യുവതിയും പ്രതിയെന്നാരോപിക്കപ്പെട്ട സൽമാനും തമ്മിൽ ശാരീരിബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും താൻ സൽമാനുമായി പ്രണയത്തിലായിരുന്നുവെന്നും യുവതി വ്യക്തമാക്കി. ഔപചാരികമായി വിവാഹം നടക്കുന്നതിന് യുവാവിന് മേൽ സമ്മർദ്ദം ചെലുത്താനാണ് വ്യാജ എഫ്.ഐ.ആർ നിർമ്മിച്ചതെന്ന് യുവതി കോടതിയെ ബോധിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് യുവതിക്ക് പിഴ ചുമത്താൻ കോടതി ഉത്തരവിട്ടത്.

Tags:    
News Summary - False harassment complaint against husband: Wife fined Rs 10,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.