വ്യാജ വോട്ടർമാരെ ഒരുകാരണവശാലും വോട്ട് ചെയ്യാൻ അനുവദിക്കില്ല; ബുർഖ വോട്ടർ വിവാദത്തിൽ യോഗി ആദിത്യനാഥ്

പട്ന: ബുർഖ ധരിച്ച് പോളിങ് ബൂത്തുകളിലെത്തുന്ന സ്ത്രീ വോട്ടർമാരെ പരിശോധിക്കണമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവിനെ എതിർത്ത ബിഹാറിലെ ആർ.ജെ.ഡി-കോൺഗ്രസ് സഖ്യത്തെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഈ വിഷയത്തിൽ വിവാദം ഉയർത്തിക്കൊണ്ടു പ്രതിപക്ഷ പാർട്ടികൾ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്ന് യോഗി അവകാശപ്പെട്ടു.

ബുർഖ ധരിച്ചെത്തുന്നവരെ തിരിച്ചറിയാനായി പോളിങ് ബൂത്തുകളിൽ അങ്കണവാടി വർക്കർമാരെ നിയോഗിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞിരുന്നു.

ബിഹാറിലെ വികസനക്കുതിപ്പ് തുടരാൻ ഒരുങ്ങുകയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം. ആ സമയത്താണ് കോൺഗ്രസും-ആർ.ജെ.ഡിയും ബുർഖയുടെ പേരും പറഞ്ഞ് കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും യോഗി ആരോപിച്ചു.

പട്നയുടെ പ്രാന്ത​പ്രദേശത്തുള്ള ദനപുരിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു യോഗി. ഇവിടെ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന രാം ക്രിപാൽ യാദവ് ആണ് മത്സരിക്കുന്നത്.

'വ്യാജ വോട്ടർമാരെ വോട്ട് രേഖപ്പെടുത്താൻ അനുവദിക്കണോ​? കോൺഗ്രസും ആർ.ജെ.ഡിയും അങ്ങനെ വേണമെന്നാണ് ആഗ്രഹിക്കുന്നത്. അതാണ് ബുർഖയുടെ പേരും പറഞ്ഞ് അവർ വിവാദങ്ങളുണ്ടാക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനിനെയും അവർ എതിർക്കുകയാണ്. അവരുടെ ആവശ്യം ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടിരുന്നതാണ്. അങ്ങനെ വന്നാൽ അവരുടെ കൂട്ടാളികൾക്ക് ബൂത്തുകൾ പിടിച്ചെടുക്കാൻ അവസരം ലഭിക്കുമല്ലോ''-യോഗി പറഞ്ഞു. തന്റെ സംസ്ഥാനത്തിലെ മാഫിയകളെ ആർ.ജെ.ഡികളുടെ പങ്കാളികൾ എന്നാണ് യോഗി വിശേഷിപ്പിച്ചത്. എൻ.ഡി.എ ഭരണത്തിന് കീഴിൽ അവർക്ക് ബിഹാറിലും ഇതേ അവസ്ഥ നേരിടേണ്ടി വരും.

കോൺഗ്രസിന്റെ മടിയിൽ ഇരിക്കാനാണ് ഇപ്പോഴും ആർ.ജെ.ഡിയുടെ യോഗമെന്നും യോഗി പരിഹസിച്ചു. യു.പിയിലെ തന്റെ എതിരാജികളായ സമാജ് വാദി പാർട്ടിയും ജയപ്രകാശ് നാരായണന്റെ ആദർശങ്ങളോട് നിസ്സംഗ പുലർത്തിയിരുന്നവരായിരുന്നു. ജെ.പിയുടെ ജൻമദേശത്ത് അദ്ദേഹത്തിന്റെ പേരിൽ നിർമിച്ച ആശുപത്രി നവീകരിക്കാൻ ബി.ജെ.പി അധികാരത്തിൽ വന്നപ്പോൾ മാത്രമാണ് സാധിച്ചതെന്നും യോഗി പറഞ്ഞു. ബിഹാറിനും ഉത്തർപ്രദേശിനും ഇടയിലുള്ള സാംസ്കാരിക അടുപ്പത്തെ കുറിച്ചും യോഗി വാചാലനായി.

നാലുദിവസത്തെ പര്യടനത്തിനായാണ് യോഗി ബിഹാറിലെത്തിയത്. 

Tags:    
News Summary - Fake voters should not be allowed to vote says CM Yogi on burqa voters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.