‘ന്യൂനപക്ഷങ്ങൾ ലവ് ജിഹാദ് നടത്തുന്നു, എല്ലാത്തരത്തിലും ബഹിഷ്‍കരിക്കണം, ഹിന്ദു സ്ത്രീകൾ ആയുധമെടുക്കണം’-വീണ്ടും വിദ്വേഷ പരാമർശങ്ങളുമായി പ്രജ്ഞാ സിങ് ഠാക്കുർ

ഭോപ്പാൽ: ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വീണ്ടും വിദ്വേഷ പരാമർശവുമായി മുൻ ഭോപാൽ ബി.ജെ.പി എം.പി സന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂർ. ഹിന്ദു സ്ത്രീകൾ ആയുധം ധരിക്കണമെന്നും വീടുകളുടെ അതിർത്തി കടന്നെത്തുന്ന ശത്രുക്കളെ കഷണങ്ങളായി വെട്ടിമുറിക്കണമെന്നും പ്രജ്ഞാ സിങ് പറഞ്ഞു. ഭോപ്പാലിലെ ഛോള മന്ദിർ പ്രദേശത്ത് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിച്ച ദുർഗ വാഹിനി പഥ് സഞ്ചലൻ ചടങ്ങിൽ സംസാരിക്കവെയായിരുന്നു പ്രകോപനപരമായ പരാമർശങ്ങൾ.

‘നിങ്ങളുടെ വീടുകളിൽ ആയുധങ്ങൾ സൂക്ഷിക്കണം, അവ മൂർച്ച കൂട്ടി സൂക്ഷിക്കണം. നമ്മുടെ പെൺമക്കളെ തട്ടിക്കൊണ്ടുപോയി മൃതദേഹങ്ങൾ റോഡിൽ വലിച്ചെറിയുമ്പോൾ, അത് വലിയ വേദനയാണ് ഉണ്ടാക്കുന്നത്. ശത്രു വീടിൻറെ അതിർത്തി കടന്നാൽ കഷണങ്ങളായി മുറിക്കണം,’ -സ്ത്രീകളും പെൺകുട്ടികളുമടങ്ങിയ ജനക്കൂട്ടത്തോട് പ്രജ്ഞാ സിങ് പറഞ്ഞു.

ന്യൂനപക്ഷങ്ങളെ സാമ്പത്തികമായും സാമൂഹികമായും ബഹിഷ്‌കരിക്കണം. ക്ഷേത്രങ്ങൾക്ക് സമീപം പ്രസാദം വിൽക്കുന്ന അഹിന്ദുവിനെ മർദ്ദിക്കണമെന്നും അവർ ആഹ്വാനം ചെയ്തു. മലേഗാവ് സ്‌ഫോടന കേസിൽ അടുത്തിടെയാണ് പ്രജ്ഞാ സിങിനെ കോടതി കുറ്റവിമുക്തയാക്കിയത്.

ന്യൂനപക്ഷങ്ങൾ ‘ലവ് ജിഹാദ്’ നടത്തുകയാണെന്ന് ഠാക്കൂർ ആരോപിച്ചു. അവർ ഹിന്ദു സ്ത്രീകളെ വഞ്ചനയിലൂടെ കുടുക്കുന്നു, രക്ഷാബന്ധൻ പോലെ കുടുംബ ബന്ധങ്ങളെ പോലും ചൂഷണം ചെയ്യുന്നു. വിശ്വാസികളല്ലാത്തവരെ വീടുകളിൽ പ്രവേശിപ്പിക്കില്ലെന്നും അത്തരക്കാരിൽ നിന്ന് ഒന്നും കഴിക്കുകയോ വാങ്ങുകയോ ചെയ്യി​ല്ലെന്നും സ്ത്രീകൾ പ്രതിജ്ഞയെടുക്കണമെന്നും അവർ ആഹ്വാനം ചെയ്തു.

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിനെ പരോക്ഷമായി പരാമർശിച്ച്, ‘മോശം സ്വഭാവവും പെരുമാറ്റ ദൂഷ്യവുമുള്ള’ മനുഷ്യനെന്നായിരുന്നു പ്രജ്ഞാ സിങിന്റെ വാക്കുകൾ. അദ്ദേഹം വസ്ത്രങ്ങൾ അലക്കാൻ പാരീസിലേക്ക് അയച്ചു, സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തെ ഒറ്റിക്കൊടുത്തുവെന്നും പ്രജ്ഞാ പറഞ്ഞു.

പ്രജ്ഞാ സിങിന്റെ പ്രസ്താവനകളെ അപലപിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. പ്രജ്ഞയുടെ വാക്കുകൾ അപലപനീയമാണെന്ന് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാർ പറഞ്ഞു. രാജ്യത്തെയും സംസ്ഥാനത്തെയും പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബി.ജെ.പി വർഗീയ വിഭജനം സൃഷ്ടിക്കുകയാണ്. പ്രജ്ഞാ സിങ് താക്കൂർ സ്ഥിരം കുറ്റവാളിയാണ്. മധ്യപ്രദേശിലെ തൊഴിലില്ലായ്മയും പണപ്പെരുപ്പവും നിയമന അഴിമതികളും മറക്കാൻ ബി.ജെ.പി ഇത്തരം വാചാടോപങ്ങൾ ഉപയോഗിക്കുന്നുവെന്നും സിംഗർ പറഞ്ഞു.

Tags:    
News Summary - Ex-MP Pragya Thakur Sparks Outrage With Calls For Violence At Bhopal Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.