സത്യേന്ദ്ര ജെയിന്‍

കള്ളപ്പണം വെളുപ്പിക്കൽ: ആം ആദ്മി നേതാവ് സത്യേന്ദ്ര ജെയിന്‍റെ 7.44 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവും കെജ്രിവാൾ മന്ത്രിസഭയിലെ പ്രധാനിയുമായിരുന്ന സത്യേന്ദ്ര ജെയിന്‍റെ 7.44 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.

2018 ഡിസംബറിൽ സത്യേന്ദ്ര ജെയിന്‍റെ ഭാര്യ പൂനം ജെയ്ൻ അടക്കമുള്ളവർക്കെതിരെയും കുറ്റപത്രം സി.ബി.ഐ സമർപ്പിച്ചിട്ടുണ്ട്. 2022 ഏപ്രിലിൽ സത്യേന്ദ്ര ജെയിന്‍റെ 4.81 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു. കൂടാതെ, ജെയിന്‍റെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള നാലു കമ്പനികളുടെയും കുടുംബാംഗങ്ങളുടെയും പേരി‌ലുണ്ടായിരുന്ന സ്വത്തുക്കളും ഇ.ഡി. പിടിച്ചെടുത്തിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 2017ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡിയുടെ നടപടി. കെജ്രിവാൾ സർക്കാറിൽ മന്ത്രിയായിരുന്ന 2015 ഫെബ്രുവരി മുതൽ 2017 മെയ് വരെയുള്ള കാലയളവിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

ഹവാല ഇടപാടുകളിലൂടെ കൊ‌ൽക്കത്ത കേന്ദ്രമായ കമ്പനിയിൽ നിന്നു ലഭിച്ച കള്ളപ്പണം കടലാസ് ക‌മ്പനിയുടെ പേരിലേക്ക് മാറ്റുകയും പണം ഉപയോഗിച്ച് സ്ഥലം വാങ്ങുകയും കൃഷി സ്ഥ‌ലം വാങ്ങാൻ എടുത്തിരുന്ന വായ്പ തിരിച്ചടക്കാൻ ഉപയോഗിക്കുകയും ചെയ‌്തെന്ന് ഇ.ഡി പറയുന്നു.

മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വിശ്വസ്തനായ സത്യേന്ദ്ര ജെയിൻ, ആരോഗ്യം, ഊർജം, ആഭ്യന്തരം, പൊതുമരാമത്ത്, നഗരവികസനം, ജല വകുപ്പുകളാണ് ആം ആദ്മി സർക്കാരിൽ കൈകാര്യം ചെയ്തിരുന്നത്.

Tags:    
News Summary - Ex-Delhi minister Satyendra Jain's assets worth Rs 7.44 crore attached by ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.