'നിങ്ങൾ ക്രിസ്തുവിന്‍റെ പേരിൽ തുടങ്ങുന്ന പരിപാടി ജയ് ശ്രീറാം വിളിയിൽ അവസാനിപ്പിക്കേണ്ടിവരും' -ഹരിയാനയിലെ ഭീഷണി തുടരുന്നു

ഹരിയാനയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരേയുണ്ടായ ആക്രമണങ്ങളെ മുന്‍നിർത്തി നടത്തിയ അന്വേഷണാത്മക റിപ്പോർട്ടി​ൽനിന്ന്​

യു​നൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്‍റെ കണക്കനുസരിച്ച് 2021ൽ മാത്രം ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ 486 ആക്രമണങ്ങളാണ് അരങ്ങേറിയത്. ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്ന വർഷമെന്ന് ചരിത്രം ഇതിനെ രേഖപ്പെടുത്തി. ഇതുവരെ വസ്തുനിഷ്ഠമായ അന്വേഷണങ്ങളോ, വിചാരണകളോ ഈ വിഷയത്തിൽ നടന്നിട്ടില്ലാത്തതുകൊണ്ടു തന്നെ നിർബാധം ഈ ആക്രമണ പരമ്പരകൾ തുടർന്നുകൊണ്ടിരിക്കുകയാണ്.

തീവ്ര ഹിന്ദുത്വ അജണ്ടകൾ പ്രചാരണം ചെയ്യുന്ന ഭരണകക്ഷിയുടെ പിന്തുണയുള്ളതു കൊണ്ടുതന്നെ സ്വാഭാവിക നീതിക്ക് ഇവിടെ സ്ഥാനമില്ല. പത്തു സംസ്ഥാനങ്ങളിൽ വിവാദമായ മതപരിവർത്തന വിരുദ്ധ ബില്ലുകൾ പാസാക്കിയ പശ്ചാത്തലത്തിൽ അത് എപ്രകാരമാണ് ക്രിസ്ത്യാനികൾക്ക് നേരെയുള്ള സംഘടിത ആക്രമണങ്ങൾക്ക് കാരണമാകുന്നതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞ ആഴ്ച ഹരിയാനയിൽ ക്രിസ്ത്യത്യാനികൾക്ക് നേരേ ഉണ്ടായി ആക്രമണങ്ങൾ പരിശോധിച്ചാൽ മതിയാകും. നിലവിൽ മതപരിവർത്തന വിരുദ്ധ ബില്ലിന് രൂപം നൽകാന്‍ പദ്ധതിയിടുന്ന സംസ്ഥാനം കൂടിയാണ് ഹരിയാന.

കുരുക്ഷേത്രയിൽ ക്രിസ്മസ് ആഘോഷങ്ങൾ  തടസ്സപ്പെടുത്തുന്ന തീവ്ര ഹിന്ദുത്വ പ്രവർത്തകർ

ഹരിയാനയിൽ ഡിസംബർ 25 ന് പ്രാദേശിക ക്രിസ്ത്യൻ സംഘടനയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പരിപാടി പുരോഗമിക്കവെ, കൂട്ട മതപരിവർത്തനം ആരോപിച്ച്​ ബജ്‌റംഗ് ദൾ പ്രവർത്തകർ 'ജയ് ശ്രീ റാം', 'ഹർ ഹർ മഹാദേവ്' വിളിച്ചുകൊണ്ട്​ സ്റ്റേജിലേക്ക് ഇടിച്ചുകയറി. ക്രിസ്മസ് ആഘോഷം നിർത്തിവെപ്പിക്കുകയും ചെയ്തു. പരിപാടി തടസ്സപ്പെടുത്തുന്നത് എന്തിനാണെന്ന് സംഘാടകർ ചോദിക്കുന്നതിന് മുമ്പ് തന്നെ ബജ്‌റംഗ് ദളുകാർ ക്രൈസ്തവ സംഗീതം നിർത്തിച്ച്​ പകരം ഹനുമാൻ ചാലിസ വായിക്കാൻ തുടങ്ങി. തീർത്തും വിചിത്രമെന്ന് തോന്നാവുന്ന ഈ സംഭവവികാസങ്ങൾ ഹരിയാനയിലെ കുരുക്ഷേത്രയിലാണ് നടന്നത്.

ഹൈന്ദവ ആഘോഷങ്ങൾ ആചരിക്കാതെ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് ഭാരതീയസംസ്കാരത്തിന് വിരുദ്ധമാണെന്നാണ് സംഭവങ്ങൾക്ക് വിശദീകരണമായി ബജ്‌റംഗ് ദളിന്‍റെ കുരുക്ഷേത്ര കൺവീനർ രാകേഷ് കുമാർ പറഞ്ഞത്. 'ഹിന്ദു സഹോദരങ്ങളെ കൂട്ട മതപരിവർത്തനത്തിന് വിധേയമാക്കുന്ന ഇത്തരം പരിപാടികളെ ശുദ്ധീകരിക്കുന്നതിന് വേണ്ടിയാണ് ഹനുമാൻ ചാലിസ വായിച്ചതെന്നും' കുമാർ പറഞ്ഞു. ഇത്തരം ശ്രമം ഉണ്ടായാൽ ഇനിയും ഇടപെടുമെന്നും അതിന് പ്രഹരശേഷി കൂടുതലാവുമെന്നും രാകേഷ് കുമാർ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയിട്ടുണ്ട്. രാകേഷ് കുമാർ തന്നെയാണ് സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്.

അംബാലയിലെ ചർച്ചിൽ തകർക്കപ്പെട്ട യേശുക്രിസ്തുവിന്റെ പ്രതിമ


തങ്ങൾ ജനിച്ചു വളർന്ന ഇന്ത്യയിൽ അപരമാരായി ചിത്രീകരിക്കപ്പെടുകയും ഇതുപോലൊരു സംഭവത്തിന് സാക്ഷിയാകുകയും ചെയ്യേണ്ടിവരുമെന്ന് സ്വപ്നങ്ങളിൽ പോലും കരുതിയിട്ടില്ല എന്നാണ് ആഘോഷപരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞത്. പരിപാടിയിൽ പങ്കെടുത്ത എല്ലാവരും ക്രിസ്ത്യാനികളായിരിക്കെ എങ്ങനെയാണ് ഇവിടെ മതപരിവർത്തനം നടന്നുവെന്ന് ആരോപിക്കുകയെന്നും അവർ ചോദിച്ചു. പരിപാടിയിൽ മതപരിവർത്തന ശ്രമം നടന്നിട്ടില്ലെന്നും എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതായും കുരുക്ഷേത്ര സെക്ടർ പൊലീസ് ദേവേന്ദർ കുമാർ പറഞ്ഞു. തെളിവുകളില്ലാത്തതിനാൽ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ദേവേന്ദർ കുമാർ കൂട്ടിചേർത്തു. ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് ഹരിയാനയിൽ ക്രിസ്ത്യാനികൾക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങളിൽ ഒന്ന് മാത്രമായിരുന്നു ഇത്.

കുരുക്ഷേത്രയിലേതിന് സമാനമായ സംഭവങ്ങളാണ് പട്ടൗഡിയിലെ എസ്.ബി.ഡി സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടികൾക്കെതിരെയുമുണ്ടായത്. ആഘോഷം നടക്കുന്ന വേദിയിലേക്ക് ഒരു സംഘം ആളുകൾ ഇടിച്ചുകയറി 'ഭാരത് മാതാ കീ ജയ്' വിളിച്ച്​ പരിപാടി അലങ്കോലപ്പെടുത്തി. ഹരിയാന ആസ്ഥാനമായുള്ള ധർമ്മ ജാഗ്രതി മിഷന്‍റെ കൺവീനറായ ആർ.പി പാണ്ഡെയാണ് പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകിയത്.

ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയതിന് നേതൃത്വം നൽകിയെന്ന്​ പറയുന്നതിൽ തനിക്ക്​ യാതൊരു മടിയുമില്ലെന്നും ദലിത് കുടുംബങ്ങളെ മതപരിവർത്തനം ചെയ്യുന്ന ഇവർക്കെതിരെ പ്രതികരിച്ചുകൊണ്ടേയിരിക്കുമെന്നാണ് പാണ്ഡെ പറഞ്ഞത്. എന്തുകൊണ്ടാണ് മതസന്ദേശം പ്രചരിപ്പിക്കാൻ അനുവദിക്കാത്തതെന്ന ചോദ്യത്തിന് ഇന്ത്യ ശ്രീരാമന്‍റെ നാടാണെന്നായിരുന്നു പാണ്ഡെയുടെ മറുപടി. ഇന്ത്യയുടെ ചരിത്ര പുരുഷനായ രാമനെ നിങ്ങൾക്ക് മറ്റാരുമായും താരതമ്യം ചെയ്യാൻ കഴിയില്ലെന്നും നിങ്ങൾ ക്രിസ്തുവിന്‍റെ പേരിൽ ഒരു പരിപാടി ആരംഭിച്ചാൽ, അത് ജയ് ശ്രീറാം വിളിയിലാവും അവസാപ്പിക്കേണ്ടിവരികയെന്നും പാണ്ഡെ താക്കീത് ചെയ്തു.

ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തിയ ധർമ്മ ജാഗ്രതി മിഷന്‍റെ കൺവീനർ ആർപി പാണ്ഡെ 

ക്രിസ്മസ് ആഘോഷത്തിനിടെ കൂട്ട മതപരിവർത്തനം നടന്നുവെന്ന ആരോപണം പരിപാടിയുടെ സഹസംഘാടകൻ രവികുമാർ നിഷേധിച്ചിട്ടുണ്ട്. എല്ലാ മതസ്ഥരെയും ഉൾപ്പെടുത്തികൊണ്ട് ഒരു സാർവത്രിക ആഘോഷമാണ് ലക്ഷ്യംവെച്ചതെന്ന് രവികുമാർ പറഞ്ഞു.

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരേ മാത്രമല്ല ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുള്ളത്. ക്രിസ്മസിന്‍റെ പിറ്റേന്നും ഈ ആക്രമണപരമ്പരകൾ തുടർന്നതിന് തെളിവാണ് അംബാലയിൽ യേശുക്രിസ്തുവിന്‍റെ പ്രതിമ തകർത്ത സംഭവം. 1843ൽ അംബാലയിൽ പണിത ഹോളി റിഡീമർ ചർച്ച്, അതിന്‍റെ പ്രവേശന കവാടത്തിന് മുന്നിലുള്ള യേശുക്രിസ്തുവിന്‍റെ കൂറ്റൻ പ്രതിമയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. വഴിയാത്രക്കാരിൽ പലരും പ്രതിമക്ക് മുന്നിൽ പതിവായി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കാറുണ്ടായിരുന്നു. എന്നാൽ ഞായറാഴ്ച രാവിലെ പള്ളിയിൽ എത്തിയ പുരോഹിതൻമാർ പ്രതിമയും അതിന് താഴെവെച്ചിരുന്ന ചില്ലുപെട്ടിയും തകർന്നു കിടക്കുന്നതാണ് കാണുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ അർദ്ധരാത്രിയിൽ രണ്ട് പേർ പള്ളിയിൽ പ്രവേശിക്കുന്നതും പുലർച്ചെ 1.40 നോടടുത്ത് പള്ളി പരിസരത്ത് മൂത്രമൊഴിക്കുകയും പ്രതിമ നശിപ്പിക്കുകയും ചെയുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തി. അംബാല കന്‍റോൺമെന്‍റ് പരിസരത്ത്​ മുന്‍പ് നടന്ന സംഭവങ്ങളുമായി കൂട്ടിവായിക്കുമ്പോൾ യേശുക്രിസ്തുവിന്‍റെ പ്രതിമ തകർത്തതിന് പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ടെന്നാണ് പള്ളി ഭാരവാഹികൾ പറയുന്നത്. ഒരു കന്‍റോൺമെന്‍റ് പരിസരത്ത് ക്രിസ്തുപ്രതിമ സുരക്ഷിതമല്ലെങ്കിൽ പിന്നെ എവിടെയാണ് സുരക്ഷിതമാകുകയെന്നും സംഘാടകർ ചോദിക്കുന്നു.

രാജ്യത്ത് ക്രിസ്ത്യത്യാനികൾക്കെതിരായ കുറ്റകൃത്യങ്ങൾ 75 ശതമാനത്തോളം വർധിക്കുന്ന സാഹചര്യത്തിൽ ഹരിയാനയിൽ നടന്ന ഈ അക്രമ സംഭവങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാന്‍ കഴിയില്ല. ഹരിയാനയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ ആക്രമണം നടത്തിയവരൊക്കെ തന്നെ സ്വമേധയാ കുറ്റം ഏറ്റെടുക്കുകയും ഇനിയും ആക്രമണങ്ങൾ തുടരുമെന്ന് സധൈര്യം തുറന്നുപറയുകയും ചെയ്യുന്നവരാണ്. ഹിന്ദുമതമല്ലാതെ മറ്റൊരു മതത്തിനും ഇന്ത്യയിൽ സ്ഥാനമില്ലെന്ന് തീവ്ര ഹിന്ദുത്വ പരിവേഷമണിഞ്ഞ് ആത്മവിശ്വാസത്തോടെ ഉറക്കെ പറയാന്‍ ഇവർക്ക് ധൈര്യം നൽകുന്നത്​ നമ്മുടെ ഭരണസംവിധാനങ്ങളും നീതിന്യായ വ്യവസ്ഥിതിയുമാണ്. 

കടപ്പാട്: ദ ക്വിന്‍റ്​ 

Tags:    
News Summary - 'Events on Christ Will End With Jai Sri Ram': Behind Church Attacks in Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.