തെഹ്റാൻ: ഇറാൻ-ഇസ്രായേൽ സംഘർഷം നാലാം ദിവസത്തിലേക്ക് കടന്നിരിക്കെ, മിസൈലുകളുടെയും ഡ്രോണുകളുടെയും ആഘാതത്തിൽ ഭയചകിതരായി ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ. എന്തെങ്കിലും സംഭവിക്കുംമുമ്പ് തങ്ങളെ ഒഴിപ്പിക്കൂവെന്ന് സഹായത്തിനായുള്ള നിലവിളി ഉയർത്തുകയാണവർ.
‘ഞങ്ങൾ മൂന്ന് രാത്രികളായി ഉറങ്ങിയിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെ 2.30 ന് വലിയ സ്ഫോടനങ്ങൾ കേട്ടാണ് ഞാൻ ഉണർന്നത്. അതിനുശേഷം ഉറങ്ങിയിട്ടില്ല’ -ഇംതഹാൽ മൊഹ്ദിൻ എന്ന ഇന്ത്യൻ വിദ്യാർഥി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. നിലവിൽ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികളിൽ ഒരാളാണ് മൊഹ്ദിൻ.
വിദ്യാർഥികളുടെ താമസസ്ഥലങ്ങളിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ സ്ഫോടനങ്ങൾ നടക്കുന്നതിനാൽ സ്ഥിതിഗതികൾ വഷളാകുകയാണ്. ‘അപ്പാർട്ട്മെന്റിന്റെ ബേസ്മെന്റിനുള്ളിൽ ഞങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. എല്ലാ രാത്രിയിലും സ്ഫോടനങ്ങൾ കേൾക്കുന്നു. അതിലൊന്ന് വെറും 5 കിലോമീറ്റർ അകലെയായിരുന്നു. മൂന്ന് ദിവസമായി ഞങ്ങൾ ഉറങ്ങിയിട്ടില്ല’- തെഹ്‌റാനിലെ ഷാഹിദ് ബെഹേഷ്ടി സർവകലാശാലയിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായ 22കാരൻ ഫോണിൽ പറഞ്ഞതായി ഏജൻസി റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ ഹന്ദ്വാര സ്വദേശിയായ അദ്ദേഹം വർധിച്ചുവരുന്ന ആക്രമണങ്ങൾ കാരണം സർവകലാശാല ക്ലാസുകൾ നിർത്തിവച്ചിരിക്കുകയാണെന്നും വിദ്യാർഥികൾ ആരും പുറത്തിറങ്ങുന്നില്ലെന്നും കൂട്ടിച്ചേർത്തു.
വിഖ്യാതവും താങ്ങാനാവുന്ന ചെലവുള്ളതുമായ എം.ബി.ബി.എസ് കോഴ്സ് കാരണം ‘ഷാഹിദ് ബെഹേഷ്ടി സർവകലാശാല’ ഇന്ത്യൻ മെഡിക്കൽ അഭിലാഷങ്ങളുടെ ഒരു ജനപ്രിയ സ്ഥാപനമാണ്. അടുത്തിടെ ഇസ്രായേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മൂന്ന് ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ ഈ സ്ഥാപനത്തിലെ പ്രഫസർമാരായിരുന്നു.
‘സ്ഥിതി കൂടുതൽ വഷളാകുന്നതിന് മുമ്പ് ഞങ്ങളെ ഒഴിപ്പിക്കാൻ ഞങ്ങൾ ഇന്ത്യൻ സർക്കാറിനോട് അഭ്യർത്ഥിക്കുന്നു. എംബസി ഹെൽപ്പ് ലൈനുകൾ പങ്കിട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷേ, ഞങ്ങൾ ഭയത്തിലാണ്. എത്രയും വേഗം വീട്ടിലെത്തണമെന്നാഗ്രഹിക്കുന്നു’- ഇംതിസാൽ പറഞ്ഞു.
കെർമൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായ ഫൈസാൻ, തെഹ്‌റാനെക്കാൾ കെർമൻ താരതമ്യേന സുരക്ഷിതമാണെങ്കിലും ഭയം അതിവേഗം പടരുകയാണെന്ന് പറഞ്ഞു. ‘ഇന്ന് ഞങ്ങളുടെ നഗരത്തിൽ വെടിയൊച്ചകൾ കേട്ടു. തെഹ്‌റാനിലെ എന്റെ സുഹൃത്തുക്കൾ പരിഭ്രാന്തരാണ്. 3-4 ദിവസത്തേക്ക് കുടിവെള്ളം സംഭരിക്കാൻ ഞങ്ങളെ ഉപദേശിച്ചു. അത്രക്ക് മോശമാണ് കാര്യങ്ങൾ’- അദ്ദേഹം പറഞ്ഞു.
‘എന്റെ മാതാപിതാക്കളിൽ നിന്ന് ഒരു ദിവസം 10 കോളുകൾ വരുന്നുണ്ട്. ഇന്റർനെറ്റ് വളരെ മന്ദഗതിയിലാണ്. പെട്ടെന്ന് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം പോലും അയക്കാൻ കഴിയുന്നില്ല. ഞങ്ങൾ ഇവിടെ വന്നത് ഡോക്ടർമാരാകാനാണ്. ജീവൻ നിലനിർത്താൻ പാടുപെടുകയാണിപ്പോൾ’ -ശ്രീനഗറിൽ നിന്നുള്ള ഫൈസാൻ കൂട്ടിച്ചേർത്തു.
ഇന്ത്യൻ എംബസിയിൽ നിന്നുള്ള നിർദേശം
ഇറാനിലെ എല്ലാ പൗരന്മാരോടും ഇന്ത്യൻ വംശജരോടും വീടിനുള്ളിൽ തന്നെ തുടരാനും ഔദ്യോഗിക ചാനലുകൾ വഴിയുള്ള അപ്‌ഡേറ്റുകൾ പിന്തുടരാനും ഇന്ത്യൻ എംബസി അഭ്യർഥിച്ചു. എംബസിയിൽ നിന്ന് സാഹചര്യത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് ഇറാനിലുള്ള എല്ലാവർക്കുമായി ഒരു ടെലഗ്രാം ലിങ്കും എംബസി ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു. അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകളും പങ്കിട്ടു.
ഒഴിപ്പിക്കൽ അഭ്യർഥനകളുമായി രാഷ്ട്രീയ നേതാക്കൾ
സംഘർഷം വഷളാകുന്ന സാഹചര്യത്തിൽ മേഖലയിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കണമെന്ന് ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനോട് ആവശ്യപ്പെട്ടു.
‘വർധിച്ചുവരുന്ന സംഘർഷങ്ങളും അസ്ഥിരമായ സാഹചര്യങ്ങളും മൂലം ഇറാനിൽ പഠിക്കുന്ന ജമ്മു കശ്മീർ വിദ്യാർഥികളെ ഒഴിപ്പിക്കാൻ ജയ്ശങ്കർ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. അവരുടെ സുരക്ഷക്ക് മുൻഗണന നൽകുക. സമഗ്രമായ പിന്തുണ നൽകുക. അവരുടെ വേഗത്തിലുള്ളതും സുരക്ഷിതവുമായ തിരിച്ചുവരവ് ഉറപ്പാക്കുക’ - കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് താരിഖ് ഹമീദ് കർറ ‘എക്സി’ൽ പോസ്റ്റ് ചെയ്തു.
ഒറ്റപ്പെട്ടുപോയ വിദ്യാർഥികൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്ന് പ്രതിപക്ഷമായ പി.ഡി.പിയും അഭ്യർഥിച്ചു. ‘ഇറാനിലെ കുടുങ്ങിക്കിടക്കുന്ന കശ്മീരി വിദ്യാർഥികൾക്ക് ദയവായി ഒരു വാട്സ്ആപ്പ് സന്ദേശം അയക്കുക. അല്ലെങ്കിൽ ഇന്ത്യൻ എംബസി നമ്പറുകളിൽ +98 9128109115, +98 9128109109 എന്നിവയിൽ വിളിക്കുക. നിങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ ട്വീറ്റുകളിൽ ഞങ്ങളെ (@jkpdp, @YouthJKPDP) ടാഗ് ചെയ്യുക’ - പി.ഡി.പി നേതാവ് ഇൽത്തിജ മുഫ്തി ‘എക്‌സി’ൽ നിർദേശിച്ചു.
വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ഉറപ്പുനൽകി. ‘ഇറാനിലെ സ്ഥിതിഗതികൾ പ്രത്യേകിച്ച് തെഹ്‌റാൻ, ഷിറാസ്, കോം എന്നിവിടങ്ങളിലെ കശ്മീരിൽ നിന്നുള്ള വിദ്യാർഥികളുടെ കാര്യത്തിൽ മന്ത്രാലയവുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. അവർ ഇറാനിലെ അധികാരികളുമായി അടുത്ത ബന്ധത്തിലാണ്’ -അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.
ഒഴിപ്പിക്കൽ തീരുമാനം അടിസ്ഥാന സാഹചര്യങ്ങളുടെ തത്സമയ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു രക്ഷിതാവ് എന്ന നിലയിൽ ഈ സുപ്രധാന സാഹചര്യത്തിൽ എന്റെയും സർക്കാറിന്റെയും തുടർച്ചയായ ശ്രദ്ധ ഉണ്ടെന്ന് ഞാൻ എല്ലാ മാതാപിതാക്കൾക്കും ഉറപ്പ് നൽകുന്നു’ -ആശങ്കാകുലരായ കുടുംബങ്ങളോട് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.